മണ്ടൻ ക്യാപ്റ്റൻസി. ഹെഡിനെ പൂട്ടാൻ വഴിയില്ല. രോഹിതിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നിലവിൽ വലിയ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങൾ. അഡ്ലൈഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യയെ വട്ടം ചുറ്റിച്ച ട്രാവിസ് മൂന്നാം മത്സരത്തിലും ഒരു മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.

രണ്ടാം മത്സരത്തിൽ ഇത്തരത്തിൽ വമ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും ട്രാവിസ് ഹെഡിനെ പൂട്ടാനുള്ള തന്ത്രം രോഹിത് ശർമയ്ക്ക് മെനയാൻ സാധിച്ചില്ല എന്നാണ് മുൻതാരങ്ങൾ പറയുന്നത്. രോഹിത്തിന്റെ തന്ത്രങ്ങൾ പൂർണമായും പരാജയപ്പെടുന്നതായി ആരാധകരും വിമർശിക്കുകയുണ്ടായി.

കഴിഞ്ഞ 7 വർഷം കൊണ്ട് വിരാട് കോഹ്ലി കെട്ടിപ്പടുത്ത ടീമിന്റെ പകിട്ടിലാണ് രോഹിത് ശർമ ഇന്ത്യൻ നായകനായി തുടരുന്നത് എന്നാണ് മാത്യു ഹെയ്ഡൻ കമന്ററി ബോക്സിൽ പറഞ്ഞത്. അതുകൊണ്ടു തന്നെ ഇത്തരമൊരു ടെസ്റ്റ് മത്സരത്തിൽ ഹെഡിനെ പുറത്താക്കാൻ സാധിക്കാതെ വരുന്നത് വലിയ നാണക്കേട് ഉണ്ടാക്കുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് അനിൽ കുംബ്ലെയും പങ്കുവെച്ചത്. ഹെഡിനെ പോലെ ഒരു താരത്തെ പുറത്താക്കാൻ ഒരു തന്ത്രവും രോഹിത് ശർമിക്കില്ല എന്ന് കുംബ്ലെ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരത്തിൽ രോഹിത് തന്ത്രങ്ങൾ ഒന്നുമില്ലാതെ മൈതാനത്ത് തുടരുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നായിരുന്നു കുംബ്ലെ കൂട്ടിച്ചേർത്തത്.

ഇന്ത്യൻ ടീമിന് സമീപകാലത്ത് വലിയ തലവേദനയുണ്ടാക്കിയ ഹെഡിനെ, പുറത്താക്കാൻ യാതൊരു വഴിയും അറിയാത്ത രോഹിത് ശർമയുടെ നായകത്വം വളരെ ദുർബലമാണ് എന്ന് കുംബ്ലെ തുറന്നു പറയുകയുണ്ടായി. മത്സരത്തിൽ രോഹിത് പുറത്തെടുത്ത പല തന്ത്രങ്ങളെയും മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ് വിമർശിക്കുകയുണ്ടായി. ദൗർഭാഗ്യകരമായ പ്രകടനമാണ് രോഹിത്തിന്റെ കീഴിൽ നിലവിൽ ഇന്ത്യ കാഴ്ചവയ്ക്കുന്നത് എന്നാണ് മുൻ ഓസീസ് താരമായ സൈമൺ കാറ്റിച്ച് പറഞ്ഞത്. കൃത്യമായ തന്ത്രങ്ങൾ ഇല്ലാതെ ഫീൽഡർമാരെ മാറ്റി മാറ്റി പരീക്ഷിക്കുകയാണ് രോഹിത് ചെയ്തത് എന്നും കാറ്റിച്ച് പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം ദിവസത്തിന്റെ തുടക്കത്തിൽ ഇന്ത്യ കൃത്യമായ ആധിപത്യം ഓസ്ട്രേലിയയ്ക്ക് മേൽ സ്ഥാപിച്ചിരുന്നു. 75 റൺസ് സ്വന്തമാക്കുന്നതിനിടെ ഓസ്ട്രേലിയയുടെ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

എന്നാൽ ഇതിന് ശേഷം ക്രീസിലെത്തിയ ട്രാവിസ് ഹെഡും സ്മിത്തും ചേർന്ന് നാലാം വിക്കറ്റിൽ ഓസ്ട്രേലിയയെ കൈപിടിച്ച് കയറ്റുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 241 റൺസ് കൂട്ടി ചേർത്തതോടെ ഇന്ത്യയുടെ പിടി അയയുകയായിരുന്നു. ഇരു താരങ്ങളും മത്സരത്തിൽ സെഞ്ചുറി സ്വന്തമാക്കിയതോടെ ഇന്ത്യ ബാക് ഫുട്ടിലേക്ക് ചലിക്കുകയും ഓസ്ട്രേലിയ ആധിപത്യം നേടുകയും ചെയ്തു.

Previous articleവിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ പിന്നിലാക്കി ബുമ്ര. സേന രാജ്യങ്ങളിൽ ഇനി നമ്പർ 1.