ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വിജയവുമായി ശ്രീലങ്ക സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ശ്രീലങ്ക നേടിയെടുത്തു. സ്കോര്‍ – ശ്രീലങ്ക – 184/8 (19.2) ബംഗ്ലാദേശ് – 183/7(20). ശ്രീലങ്കയോടും അഫ്ഗാനോടും തോറ്റ് ബംഗ്ലാദേശ് പുറത്തായി.
വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക് മികച്ച തുടക്കമാണ് ലഭിച്ചത്. അഞ്ച് ഓവര്‍ അവസാനിച്ചപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 44 റണ്‍സിലായിരുന്നു ശ്രീലങ്ക. എന്നാല്‍ അരങ്ങേറ്റ മത്സരം കളിച്ച എബാദത്ത് ഹൊസൈന്‍ ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നിസങ്ക (20) അസലങ്ക (1) എന്നിവരാണ് പുറത്തായത്. അടുത്ത ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ പുറത്താക്കിയെങ്കിലും മെഹ്ദി ഹൊസൈന്‍ നോബോള്‍ എറിഞ്ഞത് തിരിച്ചടിയായി.
അടുത്ത ഓവറില്‍ ഗുണതിലകയെ (11) പുറത്താക്കി അരങ്ങേറ്റ താരം 3ാം വിക്കറ്റ് വീഴ്ത്തി. പിന്നാലെ രാജപക്സയും (2) മടങ്ങിയതോടെ 77 ന് 4 എന്ന നിലയിലായി ശ്രീലങ്ക. പിന്നാലെ കുശാല്‍ മെന്‍ഡിസും ഷനകയും ചേര്‍ന്നാണ് ശ്രീലങ്കയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 35 പന്തില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു.
37 പന്തില്‍ 4 ഫോറും 3 സിക്സുമായി 60 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റെടുത്ത് മുസ്തഫിസുറാണ് ബ്രേക്ക്ത്രൂ നല്‍കിയത്. അവസാന 3 ഓവറില്‍ 34 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 33 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദസുന്‍ ഷനക പുറത്തായതോടെ ബംഗ്ലാദേശ് വിജയം ഉറപ്പിച്ചിരുന്നു.
ഇല്ലാത്ത റണ്ണിനോടി കരുണരത്നയും (14) വിക്കറ്റ് കളഞ്ഞു. അവസാന ഓവറില്‍ 8 റണ്‍ വേണമെന്നിരിക്കെ രണ്ടാം പന്തില്‍ ഫെര്‍ണാണ്ടോ ബൗണ്ടറി നേടിയപ്പോള്‍ അടുത്ത പന്തില്‍ നോബോള്‍ എറിഞ്ഞ് ബംഗ്ലാദേശ് ബോളര്‍ മെഹ്ദി ഹെസന്‍ ശ്രീലങ്കക്ക് വിജയം സമ്മാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാബിര്‍ റഹ്മാനെ (5) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മെഹ്ദി ഹെസനും (24) ഷാക്കീബ് അല്‍ഹസ്സനും (24) ചേര്‍ന്ന് ടീമിനെ 50 കടത്തി. മുഷ്ഫിഖുര്‍ റഹ്മാന്‍ (4) നിരാശപ്പെടുത്തിയതോടെ ബംഗ്ലാദേശ് 63 ന് 3 എന്ന നിലയിലായിരുന്നു.
പിന്നീട് ആഫീഫ് ഹൊസൈന്‍ (22 പന്തില്‍ 39) മഹ്മുദ്ദുള്ള (22 പന്തില്‍ 27) മൊസ്ദക്ക് ഹൊസൈന്‍ (9 പന്തില്‍ 24) എന്നിവര്‍ ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്കോറില്‍ എത്തിച്ചു. ശ്രീലങ്കക്കായി നാലോവറില്‍ 41 റണ്‍സ് വഴങ്ങി ഹസരങ്കയും നാലോവറില്‍ 32 റണ്‍സ് വഴങ്ങി കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.