ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ 2 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. അവസാന ഓവറില്‍ 13 റണ്‍സ് വേണമെന്നിരിക്കെ ശ്രീലങ്കക്ക് 10 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ, അവസാന ഓവര്‍ എറിയാനായി അക്സര്‍ പട്ടേലിനാണ് പന്ത് കൊടുത്തത്.
ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ തീരുമാനം കമന്ററി പറയുകയായിരുന്ന സംഘത്തെ പോലും ഞെട്ടിച്ചിരുന്നു. ഹര്‍ദ്ദിക്ക് പാണ്ട്യക്ക് ഒരോവര്‍ ബാക്കി ഉണ്ടായിരിക്കേ ആണ് താന്‍ പന്തെറിയാതെ അക്സറിനു കൈമാറിയത്.
മത്സരശേഷം എന്തുകൊണ്ടാണ് അക്സര്‍ പന്തെറിഞ്ഞത് എന്ന് ഹര്‍ദിക് പാണ്ട്യ ന്യായീകരിച്ചു.
”ടീമിനെ സമ്മര്‍ദ്ദ സാഹചര്യത്തിലൂടെ കളിക്കുവാന്‍ തയ്യാറാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഇത്തരം തീരുമാനങ്ങള്‍ വലിയ മത്സരങ്ങളില്‍ ടീമിന് ഗുണം ചെയ്യുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. നേരത്തെ ടോസിന്റെ സമയത്ത് ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുമെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് അപ്പോളും ഇതേ കാരണം ആണ് പറഞ്ഞത്. കൂടാതെ ഫിറ്റ്നെസ് പ്രശ്നങ്ങളും തനിക്ക് അലട്ടിയതായി താരം വ്യക്തമാക്കി
പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് വിജയിക്കുകയാണ് ഒരു ടീമിന്റെയും ക്യാപ്റ്റന്റെയും വലിയ വെല്ലുവിളി. സേഫ് സോണില്‍ നില്‍ക്കാതെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റനാണ് താനെന്നും ഹര്‍ദ്ദിക്ക് പറയുന്നുണ്ട്.