ജയിപ്പിക്കാന്‍ ക്യാപ്റ്റന്‍ തന്നെ മുന്നിട്ടിറങ്ങി. ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം.

ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു ആവേശവിജയം സ്വന്തമാക്കി ഇന്ത്യ. ഒരു ലോ സ്കോറിംഗ് ത്രില്ലറായ മത്സരത്തിന്റെ സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 137 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക അനായാസം വിജയലക്ഷ്യം മറികടന്ന് കരുതിയെങ്കിലും, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ശക്തമായ ബോളിംഗ് ചെയ്ഞ്ചുകൾ ശ്രീലങ്കയെ ബാധിച്ചു. റിങ്കു സിംഗ്, സൂര്യകുമാർ യാദവ് എന്നിവർ ബോളിംഗ് ക്രീസിൽ മികവ് പുലർത്തിയപ്പോൾ ശ്രീലങ്കയുടെ സ്കോർ 137 റൺസിൽ ഒതുങ്ങുകയായിരുന്നു. ശേഷമാണ് സൂപ്പർ ഓവറിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയത്. ഇതോടെ പരമ്പര 3 0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണർ ജയസ്വാളിന്റെ(10) വിക്കറ്റ് തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ശേഷം സഞ്ജുവും(0) റിങ്കു സിംഗും(1) നായകൻ സൂര്യകുമാർ യാദവും(8) പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിര തകരുകയായിരുന്നു.

ഒരുവശത്ത് ശുഭമാൻ ഗിൽ ക്രീസിലുറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് ഉയർത്താൻ സാധിച്ചില്ല. മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഗില്ലിനെയും ബാധിച്ചു. ശേഷം മധ്യനിരയിൽ റിയാൻ പരഗാണ് ഗില്ലിനൊപ്പം അല്പസമയം ക്രീസിലുറച്ചത്. മത്സരത്തിൽ 37 പന്തുകളിൽ 39 റൺസാണ് ഗിൽ നേടിയത്.

പരഗ് 18 പന്തുകളിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 26 റൺസ് നേടി. ശേഷം അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദറിന്റെ വെടിക്കെട്ടാണ് ഇന്ത്യയെ മത്സരത്തിൽ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തിച്ചത്. സുന്ദർ 18 പന്തുകളിൽ 25 റൺസ് നേടിയപ്പോൾ ഇന്ത്യ 137 റൺസ് എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. ശ്രീലങ്കയ്ക്കായി തീക്ഷണ 3 വിക്കറ്റുകളും ഹസരംഗ 2 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നൽകാൻ ഓപ്പണർമാർക്ക് സാധിച്ചു. ആദ്യ വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടാണ് നിസ്സംഗയും കുശാൽ മെൻഡിസും ചേർന്ന് കെട്ടിപ്പടുത്തത്.

പവർപ്ലേ ഓവറുകളിൽ ക്രീസിലുറയ്ക്കാൻ ഇരുവർക്കും സാധിച്ചിരുന്നു. മത്സരത്തിൽ 41 പന്തുകളിൽ 43 റൺസാണ് മെൻഡിസ് നേടിയത്. നിസ്സംഗ 27 പന്തുകളിൽ 26 റൺസ് റൺസ് നേടി. ശേഷമെത്തിയ കുശാൽ പെരേരയും(46) അടിച്ചുതകർത്തതോടെ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുകയുണ്ടായി. എന്നാൽ ശ്രീലങ്ക വിജയം ഉറപ്പിച്ചു എന്ന് തോന്നിയ നിമിഷത്തിലാണ് വാഷിംഗ്ടൺ സുന്ദർ തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കി ടീമിന് പ്രതീക്ഷ നൽകിയത്. മത്സരത്തിന്റെ പതിനേഴാം ഓവറിൽ 2 വിക്കറ്റുകളാണ് സുന്ദർ നേടിയത്. എന്നാൽ പിന്നീട് ശ്രീലങ്കൻ ബാറ്റർമാർ പക്വത പുലർത്തി.

എന്നാൽ മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ റിങ്കൂ സിംഗിനെ ബോളിംഗ് ക്രീസിലെത്തിച്ച് സൂര്യകുമാർ യാദവ് അത്ഭുതം കാട്ടി. ഓവറിൽ റിങ്കു സിംഗ് 2 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ശ്രീലങ്കയുടെ അവസാന ഓവറിലെ വിജയലക്ഷ്യം 4 വിക്കറ്റുകൾ അവശേഷിക്കെ 6 റൺസായി മാറി. അവസാന ഓവർ സൂര്യകുമാർ യാദവ് ആയിരുന്നു എറിഞ്ഞത്.

ഓവറിലെ രണ്ടാം പന്തിൽ കമിന്തു മെഡിസിന്റെ വിക്കറ്റ് സ്വന്തമാക്കി സൂര്യകുമാർ പ്രതീക്ഷ കാത്തു. അടുത്ത പന്തിൽ മഹേഷ് തീക്ഷണയെയും സൂര്യകുമാർ പുറത്താക്കിയതോടെ ശ്രീലങ്ക പതറി. അവസാന പന്തിൽ 3 റൺസായിരുന്നു ശ്രീലങ്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പന്തിൽ 2 റൺസ് സ്വന്തമാക്കാൻ വിക്രമസിംഗയ്ക്ക് സാധിച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് കേവലം 2 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ശ്രീലങ്കയുടെ 2 ബാറ്റർമാരും മികച്ച ഷോട്ടുകൾ കളിച്ചങ്കിലും കൃത്യമായി ഇന്ത്യൻ ഫീൽഡർമാർ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 3 റൺസായി മാറി. മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യക്കായി ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി സൂര്യകുമാർ വിജയം സ്വന്തമാക്കി.

Previous articleവീണ്ടും ഡക്കായി സഞ്ജു. മൂന്നാം മത്സരത്തിലും പൂജ്യനായി മടക്കം.
Next articleനാണക്കേടിന്റെ “ഡക്ക്” റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം. ഒരു വർഷം ഏറ്റവുമധികം ഡക്കുകൾ.