ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 7 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 161 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയിരുന്നു.
പക്ഷേ ഇന്ത്യയുടെ ബാറ്റിംഗിനിടെ മഴയെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. പിന്നീട് മത്സരം 8 ഓവറുകളാക്കി ചുരുക്കുകയാണ് ഉണ്ടായത്. ഇന്ത്യൻ ഓപ്പണർ ജയസ്വാളിന്റെയും നായകൻ സൂര്യകുമാർ യാദവിന്റെയും മികവിൽ ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ 2-0 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് നിസ്സംഗ ശ്രീലങ്കയ്ക്ക് നൽകിയത്. ഒപ്പം മൂന്നാമനായി എത്തിയ കുശാൽ പെരേരയും അടിച്ചു തകർത്തതോടെ ശ്രീലങ്ക പവർപ്ലെയിൽ മികവ് പുലർത്തി. നിസ്സംഗ 24 പന്തുകളിൽ 32 റൺസാണ് നേടിയത്. കുശാൽ പെരേര 34 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 53 റൺസ് നേടി. ഇതോടെ ശ്രീലങ്ക മത്സരത്തിൽ ശക്തമായ നിലയിൽ എത്തുമെന്ന് എല്ലാവരും കരുതി. പക്ഷേ ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ ബോളിങ് നിര കാഴ്ചവച്ചത്.
അവസാന ഓവറുകളിൽ വളരെ മികച്ച രീതിയിൽ പന്തറിഞ്ഞ് ശ്രീലങ്കയെ തകർക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇതോടെ ശ്രീലങ്കയുടെ ഇന്നിങ്സ് കേവലം 169 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി 3 വിക്കറ്റുകളും അർഷദീപ് സിംഗ്, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തുകയുണ്ടായി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി മികച്ച തുടക്കമാണ് ജയസ്വാൾ നൽകിയത്. എന്നാൽ മത്സരത്തിനിടെ മഴയെത്തിയത് ഇരു ടീമുകളെയും ബാധിച്ചു. പിന്നീട് മത്സരം 8 ഓവറുകളാക്കി ചുരുക്കുകയായിരുന്നു.
8 ഓവറുകളിൽ 78 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷം. എന്നാൽ മലയാളി താരം സഞ്ജു സാംസൺ പൂജ്യനായി മടങ്ങിയത് ഇന്ത്യക്ക് നിരാശ സമ്മാനിച്ചു. പക്ഷേ ഓപ്പൺ ജയസ്വാളും നായകൻ സൂര്യകുമാർ യാദവും വെടിക്കെട്ട് തീർത്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു.
നായകൻ സൂര്യകുമാർ 12 പന്തുകളിൽ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 26 റൺസാണ് നേടിയത്. ജയസ്വാൾ 15 പന്തുകളിൽ 3 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 30 റൺസ് സ്വന്തമാക്കി. ഒപ്പം അവസാന ഓവറുകളിൽ 9 പന്തുകളിൽ 22 റൺസുമായി പാണ്ട്യയും തിളങ്ങി. ഇതോടെ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.