ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 42 റണ്‍സിന്‍റെ വിജയവുമായി ആതിഥേയര്‍. ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 42 റണ്‍സ് അകലെ വീണു.
പാതും നിസങ്കയുടെ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 381 റണ്‍സാണ് സ്കോര്‍ ചെയ്തത്. മറുപടി ബാറ്റിംഗില്‍ അസ്മതുള്ള ഒമര്‍സായിയും മുഹമ്മദ് നബിയും സെഞ്ചുറി നേടി പൊരുതിയെങ്കിലും വിജയം അകന്നു നിന്നു. 5 ന് 55 എന്ന നിലയില്‍ നിന്നുമാണ് ഇരുവരും വിജയത്തിലേക്ക് പോരാടിയത്. ഇരുവരും ചേര്‍ന്ന് 222 പന്തില്‍ 242 റണ്‍സ് കൂട്ടിചേര്‍ത്തു.
115 പന്തില്‍ 13 ഫോറും 6 സിക്സുമായി 149 റണ്‍സാണ് അസ്മതുള്ള ഒമര്‍സായി സ്കോര്‍ ചെയ്തത്. മുഹമ്മദ് നബി 130 പന്തില്‍ 15 ഫോറും 3 സിക്സും സഹിതം 136 റണ്‍സടിച്ചു. ശ്രീലങ്കക്കായി പ്രമോദ് മദുഷന്‍ 4 വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് നേടിയത്. ഏകദിന ക്രിക്കറ്റില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടുന്ന ശ്രീലങ്കന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കി പാതും നിസംങ്കയാണ് ശ്രീലങ്കയെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്.
139 പന്തില്‍ 20 ഫോറും 8 സികസും സഹിതമാണ് നിസംങ്ക 210 റണ്‍സ് നേടിയത്. 88 റണ്‍സുമായി അവിഷ്കാ ഫെര്‍ണാണ്ടോ ആദ്യ വിക്കറ്റില്‍ നിസംങ്കയുമൊപ്പം 182 റണ്‍സ് കൂട്ടിചേര്‍ത്തു. കുശാല്‍ മെന്‍ഡിസ് (16) സമരവിക്രമ (45) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. 7 റണ്‍സുമായി അസലങ്ക പുറത്താവതെ നിന്നു.