ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർണായകമായിരുന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 52 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത വിജയം കരസ്ഥമാക്കി. മത്സരത്തിൽ വിജയിച്ചതോടെ പ്ലേ ഓഫ് സാധ്യതകളും ടീമിന് സജീവമായി.
എന്നാൽ മത്സരം വിജയിച്ചെങ്കിലും ടീം സെലക്ഷനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നായകൻ ശ്രേയസ് അയ്യർ. നടപടി ഉണ്ടായേക്കാവുന്ന തുറന്നുപറച്ചിൽ ആണ് താരം നടത്തിയിരിക്കുന്നത്.
“ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് താരങ്ങളോട് പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശീലകനെ കൂടാതെ ചില സമയങ്ങളിൽ സിഇഒ പോലും സെലക്ഷനിൽ ഇടപെടാറുണ്ട്”ഇതായിരുന്നു കൊൽക്കത്ത നായകൻ്റെ മത്സര ശേഷം ഉള്ള വാക്കുകൾ.
ഇന്നലെ മുംബൈക്കെതിരെ അഞ്ചു മാറ്റങ്ങൾ ആയിട്ടായിരുന്നു കൊൽക്കത്ത ഇറങ്ങിയിരുന്നത്. മികച്ച ഫോമിൽ കളിക്കുന്ന ഉമേഷ് യാദവിനെ ഒഴിവാക്കിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പാറ്റ് കമ്മിൻസ്, വെങ്കിടേശ് അയ്യർ, അജിങ്ക്യ രഹാനെ, ഷെൽഡൻ ജാക്സൺ, വരുൺ ചക്രവർത്തി എന്നിവരാണ് ഇന്നലെ മുംബൈക്കെതിരെ ടീമിൽ തിരിച്ചെത്തിയത്.
ശ്രേയസ് അയ്യരുടെ വാക്കുകൾ സോഷ്യൽ മീഡിയ അമ്പരപ്പോടെയാണ് സ്വീകരിച്ചത്. അദ്ദേഹത്തിനെതിരെ തീർച്ചയായും നടപടി ഉണ്ടാകുമെന്നും നായക സ്ഥാനം നഷ്ടമായേക്കും എന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.