സഞ്ജുവിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയത് നല്ല തീരുമാനം. ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി ശ്രീശാന്ത്.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസനെ തടഞ്ഞതിനെതിരെ വിലയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. എന്നാൽ സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അനുകൂലിച്ചു കൊണ്ടാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം ശ്രീശാന്ത് രംഗത്ത് എത്തിയിരിക്കുന്നത്. സഞ്ജുവിനെ പുറത്താക്കാൻ സെലക്ഷൻ കമ്മിറ്റിയെടുത്ത തീരുമാനം ഉചിതമാണ് എന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. മലയാളി ക്രിക്കറ്റ് പ്രേമികളെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ശ്രീശാന്തിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

“ഇന്ത്യ ലോകകപ്പ് സ്ക്വാഡിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയ തീരുമാനം ശരിയാണ് എന്ന് ഞാൻ കരുതുന്നു. കാരണം താനാരാണെന്ന് സഞ്ജു സ്വയം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമുള്ള കാര്യമാണ്. ഇന്ത്യയുടെ ഇതിഹാസതാരങ്ങളായ സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, ഹർഷ ഭോഗ്ലെ തുടങ്ങിയവരൊക്കെയും സഞ്ജുവിനെ അംഗീകരിക്കുകയും അവന്റെ കഴിവിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്. ബോളറെ നോക്കി, വിക്കറ്റിനെ കുറിച്ച് മനസ്സിലാക്കി കളിക്കാനാണ് ഈ താരങ്ങളൊക്കെയും സഞ്ജുവിനോട് പറയാറുള്ളത്. എന്നാൽ തന്റെ ബാറ്റിംഗിൽ മറ്റൊരാളുടെയും ഉപദേശം സഞ്ജു അംഗീകരിക്കുന്നില്ല. ഈ സമീപനം സഞ്ജു മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിഹാസ താരങ്ങൾ നിങ്ങൾക്ക് നൽകുന്ന ഓരോ ഉപദേശങ്ങളും സുവർണ്ണ വാക്കുകളായി തന്നെ മാനിക്കേണ്ടതുണ്ട്.”- ശ്രീശാന്ത് പറയുന്നു.

‘ഓരോ മത്സരത്തിലും വിക്കറ്റ് നിരീക്ഷിച്ച് അതിനനുസരിച്ച് കളിക്കുകയാണ് സഞ്ജു ചെയ്യേണ്ടത്. ട്വന്റി20 ക്രിക്കറ്റിൽ ഒരിന്നിഗ്സിൽ 120 പന്തുകളാണുള്ളത്. ഏകദിനത്തിൽ 300 പന്തുകൾ നമുക്ക് കളിക്കാൻ സാധിക്കും. അതിനാൽ തന്നെ ഏകദിന ക്രിക്കറ്റിൽ ഒരു ബാറ്റര്‍ക്ക് ആവശ്യമായ സമയം ലഭിക്കുന്നുണ്ട്. സഞ്ജു ക്രീസിലെത്തിയാൽ കുറച്ചധികം സമയം ക്രീസിൽ ചിലവഴിക്കാൻ ശ്രമിക്കണം.

”നേരിടുന്ന ആദ്യ 15 പന്തുകളിൽ റൺസൊന്നും നേടാൻ സാധിച്ചില്ലെങ്കിലും സഞ്ജുവിന് അടുത്ത് 15 പന്തുകളിൽ 30 റൺസ് നേടി സന്തുലിതാവസ്ഥ കൊണ്ടുവരാൻ കഴിയും. സഞ്ജു തന്റെ കഴിവുകൾ അറിഞ്ഞ് കളിക്കണം എന്ന അപേക്ഷയാണ് എനിക്കും അയാൾക്ക് മുൻപിലേക്ക് വയ്ക്കാനുള്ളത്. എല്ലായിപ്പോഴും ഞാൻ സഞ്ജുവിനോട് ഇക്കാര്യം പറയാറുണ്ട്. നേരിട്ട് കാണുമ്പോഴും ഇക്കാര്യമാണ് സംസാരിക്കാറുള്ളത്. “- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

“സഞ്ജുവിന് ഏതുതരം ബോളർമാരെയും പ്രഹരിക്കാൻ സാധിക്കും. പക്ഷേ അതിനുള്ള അവസരത്തിനായി ക്രീസിൽ കാത്തു നിൽക്കണം. ഇന്ത്യൻ ടീമിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് എല്ലാവരും പറയുന്നുണ്ട്. പക്ഷേ നമ്മൾ അങ്ങനെ പറയാൻ പാടില്ല. ഇന്ത്യയുടെ അയർലൻഡിനെതിരായ പര്യടനത്തിൽ സഞ്ജുവിന് അവസരങ്ങൾ നൽകിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലും തുടർച്ചയായി സഞ്ജുവിന് കളിക്കാൻ സാധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ 10 വർഷമായി സഞ്ജു കളിക്കുന്നുണ്ട്.

ഇത്രയും നാൾ കളിച്ചിട്ടും കേവലം മൂന്ന് സെഞ്ച്വറികൾ മാത്രമാണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്. ബാറ്റിംഗിൽ സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിന് സാധിക്കുന്നില്ല. മറുവശത്ത് ഋഷഭ് പന്തിനെ പോലെയുള്ള കളിക്കാരെ എടുത്തു പരിശോധിച്ചാൽ അവൻ തന്റെ സംസ്ഥാനത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ 300 പോലും നേടിയിട്ടുണ്ട്.”- ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു.

“സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെ പറ്റി ഞാൻ മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇത്തരമൊരു പ്രതികരണം നടത്തിയാൽ അത് വിവാദമായി മാറും എന്ന കാരണത്താലാണ് പ്രതികരിക്കാതിരുന്നത്. എന്നാൽ സഞ്ജു ഇനിയെങ്കിലും ഇക്കാര്യങ്ങൾ അനുസരിക്കേണ്ടതുണ്ട്. കരിയറിൽ ഇനിയും ഒരുപാട് റൺസ് സഞ്ജു നേടേണ്ടി വരും. അതിനായി സ്ഥിരത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് സഞ്ജു ചിന്തിക്കരുത്. കിട്ടുന്ന അവസരങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിക്കണം.

എന്റെ വാക്കുകൾ കേട്ടില്ലെങ്കിലും ഇതിഹാസതാരങ്ങളുടെ വാക്കുകൾ അവഗണിക്കാൻ പാടില്ല. സഞ്ജു ഇപ്പോൾ ഒരു യുവ കളിക്കാരനാണ്. എന്നാൽ അവന് പ്രായമായി കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കണം.”- ശ്രീശാന്ത് പറഞ്ഞുവയ്ക്കുന്നു.