ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം ബോക്സിങ്ങ് ഡേ ടെസ്റ്റിലൂടേ ആരംഭിക്കും. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ മൂന്നു പരമ്പരക്ക് ശേഷം 3 ഏകദിന മത്സരങ്ങളും കളിക്കും. ഇന്ത്യ – സൗത്താഫ്രിക്ക മത്സരങ്ങള്‍ നിരവധി മനോഹര നിമിഷങ്ങളാണ് ഉണ്ടാക്കിയട്ടുള്ളത്.
2006-ലെ പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളർ ആന്ദ്രെ നെല്ലിനെ സിക്സർ അടിച്ച ശേഷം ശ്രീശാന്തിന്‍റെ ആഹ്ലാദം മറക്കാനാകില്ലാ. അന്ന് ആ ആഘോഷത്തിലേക്ക് നയിച്ച കാര്യമെന്താണെന്ന് ശ്രീശാന്ത് സ്പോര്‍ട്ട്സ്കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘അന്ന് എന്താണ് സംഭവിച്ചതെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. നെൽ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു. ആദ്യ ഇന്നിങ്സിൽ എനിക്ക് അഞ്ച് വിക്കറ്റ് ലഭിച്ചിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ നെൽ എനിക്കെതിരേ ഒരു സിക്സ് അടിച്ചു. രണ്ടാം ഇന്നിങ്സിൽ ഞാൻ ബാറ്റു ചെയ്യാനെത്തിയപ്പോൾ നീ എനിക്കു പറ്റിയ പോരാളിയല്ല എന്നു പറഞ്ഞു മാനസികമായി തളർത്താൻ ശ്രമിച്ചു. എനിക്ക് ചുണയില്ലെന്നും മനസ്സാന്നിധ്യമില്ലെന്നും പറഞ്ഞു. ”
” അതിന് ഞാൻ സിക്സിലൂടെ മറുപടി നൽകി. അതിനുശേഷം ഞാൻ നൃത്തം ചെയ്തു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അത് ഡാൻസ് ആയിരുന്നില്ല. കുതിരയോട്ടമായിരുന്നു. എനിക്ക് ശരിയെന്നു തോന്നിയതാണ് ഞാൻ ചെയ്തത്. 2002-ൽ നാറ്റ്വെസ്റ്റ് ട്രോഫിയിൽ ഗാംഗുലി ജഴ്സിയൂരി ആഘോഷിച്ചതുപോലെ ” ശ്രീശാന്ത് പറഞ്ഞു.
അന്നത്തെ മത്സരം 123 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റും വീഴ്ത്തിയ ശ്രീശാന്തായിരുന്നു മാന്‍ ഓഫ് ദ മാച്ച്.