സഞ്ജുവിനെ രാജസ്ഥാൻ ടീമിലെത്തിച്ചത് പച്ചക്കള്ളത്തിലൂടെ. ദ്രാവിഡ്‌ അത് കയ്യോടെ പിടിച്ചു – ശ്രീശാന്ത്.

മലയാളി ക്രിക്കറ്റ് ആരാധകർക്ക് അഭിമാനമാണ് ശ്രീശാന്തും സഞ്ജു സാംസനും. ഇരുവരും മലയാള നാട്ടിൽ നിന്ന് ഇന്ത്യ ടീമിലെത്തിയ അഭിമാന താരങ്ങൾ തന്നെയാണ്. ഇതിൽ സഞ്ജു സാംസന്റെ കരിയറിൽ വലിയ ഉയർച്ച ഉണ്ടായത് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിയതോടെ ആയിരുന്നു. സഞ്ജു എങ്ങനെയാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിയത് എന്നതിനെപ്പറ്റി മുൻ താരം ശ്രീശാന്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തുകയുണ്ടായി.

താനാണ് സഞ്ജു സാംസനെ രാജസ്ഥാനിൽ എത്തിച്ചത് എന്നാണ് ശ്രീ വെളിപ്പെടുത്തിയത്. ഐപിഎല്ലിന്റെ 2012 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ കളിക്കാരനായിരുന്നു സഞ്ജു സാംസൺ. കേവലം 8 ലക്ഷം രൂപയ്ക്കായിരുന്നു സഞ്ജു സാംസൺ കൊൽക്കത്ത ടീമിൽ എത്തിയത്. എന്നാൽ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് തൊട്ടടുത്ത സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിലേക്ക് ചേക്കേറിയത്.

സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ടീമിൽ പരിചയപ്പെടുത്തിയത് എസ് ശ്രീശാന്ത് ആയിരുന്നു. ആ സമയത്ത് ശ്രീശാന്ത് രാജസ്ഥാൻ റോയൽസിന്റെ കളിക്കാരനായിരുന്നു. അന്ന് രാജസ്ഥാൻ റോയൽസിന്റെ നായകനായ രാഹുൽ ദ്രാവിഡിന്റെ മുൻപിലേക്കാണ് ശ്രീശാന്ത് സഞ്ജുവിനെ പരിചയപ്പെടുത്തിയത്. ഇതിനെപ്പറ്റി ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ. “അന്ന് ഞാൻ ദ്രാവിഡിനോട് പറഞ്ഞത്, ഒരു പ്രാദേശിക ടൂർണമെന്റിൽ എന്റെ 4 പന്തുകളിൽ തുടർച്ചയായി സിക്സർ നേടിയ താരമാണ് സഞ്ജു എന്നാണ്. എന്നാൽ അതൊരു വലിയ കള്ളമായിരുന്നു.”- ശ്രീശാന്ത് പറയുന്നു.

“എന്നാൽ, ഞാൻ പറഞ്ഞത് കള്ളമാണെന്ന് അന്ന് ദ്രാവിഡിന് പെട്ടെന്ന് തന്നെ മനസ്സിലായി. അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘ശ്രീ, നീ എന്തുവേണമെങ്കിലും പറഞ്ഞോളൂ. എന്തിനാണ് എന്നോട് കള്ളം പറയുന്നത്.”- ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാൽ ഇതിന് പിന്നാലെ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം കണ്ടതോടെ ദ്രാവിഡ് സഞ്ജുവിൽ കൂടുതൽ ആകൃഷ്ടനാവുകയായിരുന്നു. ശേഷം സഞ്ജുവിനെ മറ്റൊരു ടീമിലേക്കും സെലക്ഷനായി കൊണ്ടുപോകരുത് എന്ന് ശ്രീശാന്തിനോട് ദ്രാവിഡ് പറയുകയുണ്ടായി. മാത്രമല്ല തങ്ങൾ സഞ്ജുവുമായി കരാറൊപ്പിടാൻ പോവുകയാണ് എന്നും ശ്രീശാന്തിനോട് രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു. അങ്ങനെയാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായി മാറിയത്.

അന്ന് ടീമിന്റെ അംഗമായി തുടങ്ങിയ സഞ്ജു സാംസൺ വർഷങ്ങൾക്കിപ്പുറം ടീമിന്റെ നായകനായി മാറി. ഇതുവരെ 124 മത്സരങ്ങളാണ് രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടി സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 3211 റൺസ് താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മാത്രമാണ് സഞ്ജു വലിയ പ്രകടനങ്ങൾ രാജസ്ഥാനായി കാഴ്ചവയ്ക്കാതിരുന്നത്. സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചെങ്കിലും ശ്രീശാന്ത് നിലവിൽ സഞ്ജുവിന്റെ ഒരു വിമർശകനാണ്.

സഞ്ജുവിനെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നതിൽ തെറ്റില്ല എന്ന് ശ്രീശാന്ത് മുൻപ് പ്രതികരിച്ചിരുന്നു. മാത്രമല്ല പിച്ചിന് അനുസൃതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി സഞ്ജു ബാറ്റ് ചെയ്യാൻ തയ്യാറാവണമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തിരുന്നു.