വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസനും ഇടംപിടിച്ചിട്ടുണ്ട്. വളരെ കാലമായി ഇന്ത്യൻ ടീമിൽ കളിക്കാതിരുന്ന സഞ്ജീവിന്റെ വലിയൊരു തിരിച്ചുവരവ് തന്നെയാണ് പര്യടനത്തിൽ കാണാൻ പോകുന്നത്. എന്നാൽ സഞ്ജു സാംസൺ വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കില്ല എന്ന വാദമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ടറുമായ ക്രിസ് ശ്രീകാന്ത് ഉന്നയിക്കുന്നത്. സഞ്ജുവിന് പകരം ഇഷാൻ കിഷൻ ഇന്ത്യയുടെ മധ്യനിരയിൽ കളിക്കണമെന്ന അഭിപ്രായമാണ് ശ്രീകാന്ത് വച്ച് പുലർത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ ഏകദിനങ്ങളിൽ ഏറ്റവും വലിയ ഫ്ലോപ്പായി മാറിയ സൂര്യകുമാർ യാദവിനെ ഇന്ത്യ മധ്യനിരയിൽ ഉൾപ്പെടുത്തണമെന്നും ശ്രീകാന്ത് പറയുകയുണ്ടായി.
വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 4, 5 സ്ഥാനങ്ങളിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ ഒഴിവുകളുള്ളത്. ഈ സ്ഥാനങ്ങളിലേക്ക് സൂര്യകുമാർ യാദവ്, ഇഷാൻ കിഷാൻ, സഞ്ജു സാംസൺ എന്നീ മൂന്ന് പേർ മത്സരിക്കുകയാണ്. ഇവരിൽ സൂര്യകുമാറും ഇഷാനും ടീമിൽ കളിക്കണമെന്നാണ് ശ്രീകാന്ത് പറയുന്നത്. സൂര്യകുമാർ വളരെ മികച്ച ക്രിക്കറ്ററാണെന്നും ഏകദിനത്തിൽ ഇനിയും സൂര്യയ്ക്ക് മതിയായി അവസരങ്ങൾ ലഭിച്ചിട്ടില്ലയെന്നും ശ്രീകാന്ത് പറയുകയുണ്ടായി. ഇതോടൊപ്പം ഇഷാൻ കിഷനും ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകാൻ തയ്യാറാവണം എന്നാണ് ശ്രീകാന്തിന്റെ പക്ഷം.
“നാലും അഞ്ചും സ്ഥാനങ്ങളിൽ സൂര്യകുമാർ യാദവും ഇഷാൻ കിഷനും കളിക്കുകയാണെങ്കിൽ സഞ്ജു സാംസന് ടീമിൽ ഇടം ലഭിച്ചേക്കാൻ സാധ്യതയില്ല. ഇഷാൻ കിഷൻ എന്തായാലും ഇന്ത്യൻ ടീമിൽ കളിക്കേണ്ട താരം തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 2022ൽ ബംഗ്ലാദേശിനെതിരെ വളരെ മികച്ച രീതിയിൽ ഏകദിനങ്ങളിൽ ഇഷാൻ കിഷൻ കളിക്കുകയുണ്ടായി. എന്നാൽ അതിനുശേഷം വന്ന ഇന്ത്യയുടെ പരമ്പരകളിൽ ഇഷാന് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ മാച്ച് വിന്നറായി മാറാൻ സാധിക്കുന്ന ക്രിക്കറ്ററാണ് ഇഷാൻ കിഷൻ. ഇനിയും ഇഷാനെ പുറത്തിരുത്താൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം.”- ശ്രീകാന്ത് പറഞ്ഞു.
“സഞ്ജു സാംസനെ പറ്റി പറയുകയാണെങ്കിൽ അയാളും ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട് എന്ന് ഉറപ്പാണ്. എന്നിരുന്നാലും പ്രഥമ പരിഗണന ഇഷാന് തന്നെ നൽകണം. അതിനുശേഷം സഞ്ജുവിനെ പരിഗണിച്ചാൽ മതി എന്നതാണ് എന്റെ നിലപാട്. ടീമിൽ ഋതുരാജിന് സ്ഥാനമുണ്ടെങ്കിൽ അയാളെ ഓപ്പണിംഗ് തന്നെ ഇറക്കേണ്ടതുണ്ട്. അയാളെ മധ്യനിരയിൽ ഇറക്കി പരീക്ഷിക്കുന്നത് ഇന്ത്യയ്ക്ക് നല്ലതല്ല.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20കളുമാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. നിലവിൽ ലോകകപ്പ് ക്വാളിഫയർ കളിക്കുന്ന വിൻഡീസ് വളരെ പരിതാപകരമായ നിലയിലാണ്. അതിനാൽ തന്നെ പരമ്പരയിൽ ആധിപത്യം ഇന്ത്യയ്ക്ക് തന്നെയാണ്.