ഏറെക്കാലം ഇന്ത്യൻ ടീമിന്റെ നായകനായിട്ടില്ലെങ്കിലും ചെറിയ സമയങ്ങൾ കൊണ്ട് നായകൻ എന്ന നിലയിൽ ശ്രദ്ധേയകർഷിച്ച ക്രിക്കറ്ററാണ് അജിങ്ക്യ രഹാനെ. ആദ്യസമയത്ത് ടീമിന്റെ ഉപനായകനായിരുന്ന രഹാനെ 2017 മുതൽ 2021 വരെയുള്ള സമയത്താണ് ഇന്ത്യയെ ആറ് ടെസ്റ്റ് മത്സരങ്ങളിൽ നയിച്ചത്. ഇതിനിടയിൽ ചില ചരിത്ര നേട്ടങ്ങൾ ഇന്ത്യയ്ക്ക് സംഭാവന നൽകുകയും ചെയ്തിരുന്നു. ഇന്ത്യയുടെ മുൻനായകന്മാരായ ധോണിയേക്കാളും കോഹ്ലിയെക്കാളും വ്യത്യസ്തനായിരുന്നു അജിങ്ക്യ രഹാനെ. മൈതാനത്ത് വളരെ മിതഭാഷിയായ രഹാനയ്ക്ക്, പ്രകോപനം തോന്നാത്ത വിധത്തിൽ സഹതാരങ്ങളെ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നു എന്നാണ് ഇന്ത്യയുടെ മുൻ കോച്ച് ആർ ശ്രീധർ പറയുന്നത്. 2019ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഉണ്ടായ ഒരു രസകരമായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീധർ സംസാരിക്കുന്നത്.
2019ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ പരമ്പരയ്ക്ക് മുൻപ് ഇന്ത്യ ഒരു പരിശീലന മത്സരം കളിക്കുകയുണ്ടായി. മത്സരത്തിൽ ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ ഷോർട്ട് ലെഗ്ഗിലായിരുന്നു ഫീൽഡ് ചെയ്തിരുന്നത്. എതിർ ടീമിലെ ഒരു ബാറ്റർ സ്വീപ്പ് ഷോട്ട് കളിച്ച സാഹചര്യത്തിൽ, പൃഥ്വി ഷായുടെ ശരീരത്തിൽ ബോൾ കൊള്ളുകയുണ്ടായി. ശേഷം മുടന്തി മുടന്തി പൃഥ്വി ഷാ മൈതാനത്തിന് പുറത്തേക്ക് നടന്നു.
ഈ സമയത്ത് സ്ലിപ്പിലായിരുന്നു നായകൻ രഹാനെ ഫീൽഡ് ചെയ്തിരുന്നത്. ഡ്രസ്സിംഗ് റൂമിലേക്ക് മുടന്തി നടന്ന പൃഥ്വി ഷായേ രഹാനെ തടഞ്ഞു. ശേഷം പറഞ്ഞത് ഇങ്ങനെയാണ്. “നീ ഡ്രസ്സിംഗ് റൂമിൽ പോകരുത്. നിന്റെ ശരീരത്തിലല്ല, ഗാർഡിലാണ് ബോൾ കൊണ്ടതെന്ന് എനിക്കറിയാം. നിനക്ക് യാതൊരു പരിക്കുമില്ല. ഡ്രസ്സിംഗ് റൂമിൽ പോയി വിശ്രമിക്കാൻ നിനക്ക് ഒരുപാട് ഇഷ്ടമാണ്. അത് ഇവിടെ നടക്കില്ല. പോയി ഫീൽഡ് ചെയ്യൂ.”- രഹാനയുടെ ഈ സംസാരം ശ്രീധർ ഇപ്പോഴും ഓർക്കുന്നു.
ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് വളരെ ശക്തനായ ഒരു നായകൻ തന്നെയായിരുന്നു രഹാനെ എന്ന് ശ്രീധർ വിശ്വസിക്കുന്നത്. ഇത്തരത്തിൽ സഹ കളിക്കാരുടെ പല കള്ളത്തരങ്ങളും രഹാനെ തന്റെ ക്യാപ്റ്റൻസി സമയത്ത് പൊളിച്ചിരുന്നുവെന്നും ശ്രീധർ പറയുന്നു.