ക്രിക്കറ്റിൽ എക്കാലവും വളരെ അധികം രസകരമായ ചില മുഹൂർത്തങ്ങൾ പിറക്കാറുണ്ട്.അത്തരത്തിൽ ഒരു സംഭവമാണ് ഇന്നലെ ക്രിക്കറ്റ് ലോകത്ത് വൈറലായി മാറിയത്. ക്രിക്കറ്റ് കളി എന്നും മാന്യന്മാരുടെ കളിയെന്ന് ഒരിക്കൽ കൂടി തന്റെ പ്രവർത്തിയിൽ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ് നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ്. ഇന്നലെ നടന്ന അയർലൻഡിനെതിരായ നേപ്പാൾ ടീമിന്റെ മത്സരത്തിനിടെ അതിവേഗ സിംഗളിനായി ഓടിയ ബാറ്റ്‌സ്‌മാനെ റൺ ഔട്ടിൽ കൂടി പുറത്താക്കാതെയാണ് താരം കയ്യടികൾ നേടിയത്.നേപ്പാൾ ടീമിന്റെ യുവ വിക്കെറ്റ് കീപ്പർ ആസിഫ് ഷെയ്ഖാണ് ഇക്കാര്യം ചെയ്തത്.
നിലവിൽ പുരോഗമിക്കുന്ന അയർലൻഡ്, നേപ്പാൾ, ഒമാൻ, യൂഎഇ ടീമുകൾ തമ്മിൽ നടക്കുന്ന ചതുർരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പരയിലെ ആറാം മത്സരത്തിലാണ് ഈ സംഭവം അരങ്ങേറിയത്. അയർലാൻഡ് ഇന്നിങ്സിലെ പത്തൊൻപതാം ഓവറിലാണ് ഈ ഒരു സംഭവം പിറന്നത്.ഓവറിലെ രണ്ടാമത്തെ പന്തിൽ നോൺ സ്ട്രൈക്കർ ബാറ്റ്സ്മാൻ ആൻഡി മക്ബ്രൈൻ സിംഗിൾ വേഗം പൂർത്തിയാക്കാൻ ഓടി എങ്കിലും താരം പിച്ചിൽ വീഴുകയായിരുന്നു.
എന്നാൽ ഇതിനിടയിൽ തന്നെ ബോൾ കൈക്കലാക്കിയ ബൗളർ സ്ട്രൈക്കർ എൻഡിൽ ബാറ്റ്‌സ്മാനെ ഔട്ടാക്കാൻ ബോൾ കീപ്പർക്ക് കൈമാറി എങ്കിലും റൺ ഔട്ട് വിക്കെറ്റ് നേടാൻ ആസിഫ് ഷെയ്ഖ് തയ്യാറായില്ല. ക്രിക്കറ്റിന്റെ തന്നെ സ്പിരിറ്റ് ഉയർത്തിയ ഈ സംഭവത്തെ വാനോളം പുകഴ്ത്തുകയാണ്. ഈ ഒരു മത്സരത്തിൽ 16 റൺസിനാണ് അയർലൻഡ് ടീം ജയിച്ചത്.