ഇന്ത്യയെ സംബന്ധിച്ച് വളരെ വിജയകരമായ ഒരു ക്യാമ്പയിനായിരുന്നു 2024 ട്വന്റി20 ലോകകപ്പ്. ടൂർണമെന്റിന്റെ ഫേവറേറ്റുകളായി തന്നെയാണ് ഇന്ത്യ അമേരിക്കയിലേക്കും വെസ്റ്റിൻഡീസിലേക്കും വണ്ടി കയറിയത്. ശേഷം പക്വതയാർന്ന പ്രകടനം പുറത്തെടുത്ത് കിരീടം സ്വന്തമാക്കാൻ രോഹിത് ശർമയുടെ ഇന്ത്യൻ ടീമിന് സാധിച്ചു. വിൻഡീസിലെ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് പരിചിതമായിരുന്നുവെങ്കിലും, അമേരിക്കയിലെ സാഹചര്യങ്ങൾ ഇന്ത്യയെ പലപ്പോഴും തളർത്തുകയുണ്ടായി
എന്നാൽ ഈ പിച്ചുകളിൽ ഇന്ത്യയെ രക്ഷിച്ചത് ഇന്ത്യയുടെ മികച്ച സ്പിന്നർമാർ തന്നെയാണ്. രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ പ്രകടനങ്ങളാണ് മത്സരങ്ങളിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാനമായി മാറിയത്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ ബോളിംഗ് കോച്ച് പരസ് മാമ്പ്രെ സംസാരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ടീമിൽ ഉണ്ടായിരുന്ന സ്പിന്നർമാർ വളരെ നിർണായകമായ റോളാണ് വഹിച്ചത് എന്ന് മാമ്പ്രെ പറയുകയുണ്ടായി. ജഡേജയും അക്ഷർ പട്ടേലും ഇന്ത്യയ്ക്ക് ബോളർമാർ എന്ന നിലയിലും ബാറ്റർമാർ എന്ന നിലയിലും ഒരുപാട് ഡെപ്ത് നൽകിയിട്ടുണ്ട് എന്ന് മാമ്പ്രെ പറഞ്ഞു. 4 സ്പിന്നർമാരെയാണ് ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തത്. ഈ ലിസ്റ്റിൽ ഒരാളെങ്കിലും കുറവുണ്ടായിരുന്നു എങ്കിൽ ഇന്ത്യ ലോകകപ്പിൽ വിയർത്തേനെ എന്നാണ് മാമ്പ്രെയുടെ പക്ഷം. “വെസ്റ്റിൻഡീസിലെ പിച്ചുകൾ ഏതുതരത്തിൽ പെരുമാറും എന്നതിനെപ്പറ്റി ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. കാരണം ഞങ്ങൾ ഒരുപാട് മത്സരങ്ങൾ വിൻഡീസിൽ കളിച്ചിട്ടുണ്ട്. അത്തരം ബലക്ഷയം പിച്ചിന് ഉണ്ടാകും എന്നതിനെപ്പറ്റി ഞങ്ങൾ അറിഞ്ഞിരുന്നു.”- മാമ്പ്രെ പറയുന്നു.
“എന്നാൽ അമേരിക്കൻ പിച്ചുകളെ പറ്റി യാതൊരുതര ബോധ്യവും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അവർ പെട്ടെന്നുണ്ടാക്കിയ പിച്ച് ആയതിനാൽ എല്ലാ ടീമുകൾക്കും വലിയ വെല്ലുവിളി ഉണ്ടായി. 100- 120 ടോട്ടലുകളൊക്കെ അവിടെ വിജയ സ്കോറുകൾ ആയിരുന്നു. എന്നാൽ വെസ്റ്റിൻഡീസിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി ഞങ്ങൾക്കറിയാമായിരുന്നു. അവിടെ നല്ല ടേൺ സ്പിന്നർമാർക്ക് ലഭിക്കുമെന്നും ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ടുതന്നെ സ്റ്റമ്പിൽ ആക്രമണം അഴിച്ചുവിടുന്ന ബോളർമാരെയായിരുന്നു ആവശ്യം. അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും ടീമിലെത്തിയതോടെ ഞങ്ങൾക്ക് ബാറ്റിങ്ങിലും നല്ല ഡെപ്ത് ലഭിച്ചു. ബോളിങ്ങിലും അത് ഗുണം ചെയ്തു.”- മാമ്പ്രെ കൂട്ടിച്ചേർത്തു.
“ഇരുവരും ഇടംകയ്യൻ ബാറ്റർമാരായതിനാൽ അത് ബാറ്റിംഗിൽ കോമ്പിനേഷനുകൾ ഉണ്ടാക്കാൻ വലിയ സഹായകരമായി. മാച്ചപ്പുകൾ ഉണ്ടായപ്പോഴൊക്കെയും ഇരുവരും മുൻതൂക്കം നൽകുകയുണ്ടായി. അവരുടെ റോളുകളെ പറ്റി ഞങ്ങൾക്ക് അറിയാമായിരുന്നു. രണ്ടുപേരും അവിശ്വസനീയ താരങ്ങൾ തന്നെയാണ്. ഇവർക്കൊപ്പം കുൽദീപും ടീമിൽ ഉണ്ടായിരുന്നു. വളരെ വ്യത്യസ്തമായ രീതിയിൽ എല്ലാവരെയും ഉപയോഗിച്ചു. ഇതിന്റെ എല്ലാ ക്രെഡിറ്റും രാഹുലിനും രോഹിത്തിനുമാണ് നൽകുന്നത്. കാരണം ഈ 4 സ്പിന്നർമാരിൽ ഒരാളെങ്കിലും കുറവായിരുന്നുവെങ്കിൽ ഞങ്ങൾ പ്രതിസന്ധിയിലായേനെ.”- മാമ്പ്രെ പറഞ്ഞുവെക്കുന്നു.