“സെമിയിൽ അഫ്ഗാനെ തോൽപ്പിച്ചാൽ ദക്ഷിണാഫ്രിക്ക കിരീടമുയർത്തും”. ബ്രാഡ് ഹോഗിന്റെ പ്രവചനം.

2024 ട്വന്റി20 ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരം നടക്കുന്നത് അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. മത്സരത്തിന് തൊട്ടുമുൻപ് ശക്തമായ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.

അഫ്ഗാനിസ്ഥാനെതിരായ സെമിഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിച്ചാൽ അവർക്ക് കിരീടം ഉയർത്താനും സാധിക്കും എന്നാണ് ബ്രാഡ് ഹോഗ് പറഞ്ഞിരിക്കുന്നത്. ഇതുവരെ ഈ ലോകകപ്പിൽ ഒരു പരാജയം പോലും അറിയാതെ സെമിയിൽ എത്തിയിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. അവർക്ക് ഇനിയും നല്ല പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്നാണ് ഹോഗ് വിശ്വസിക്കുന്നത്.

ഇതുവരെ 7 തവണ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. പക്ഷേ ഒരിക്കൽ പോലും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ കളിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇത്തവണ ഓസ്ട്രേലിയക്കെതിരെ കനത്ത പോരാട്ടമാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചത്. എന്നാൽ ഓസ്ട്രേലിയ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ കിരീട സാധ്യതകളും വർദ്ധിച്ചിട്ടുണ്ട്.

സ്പിൻ ബോളിങ്ങിനെതിരെ വളരെ മികച്ച പ്രകടനങ്ങൾ ഇതുവരെ പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്ന് ഹോഗ് പറയുന്നു. അതുകൊണ്ടുതന്നെ സെമിഫൈനലിൽ അഫ്ഗാനിസ്ഥാന് എതിരെയും മുൻതൂക്കം ദക്ഷിണാഫ്രിക്കയ്ക്കുണ് എന്ന് ഹോഗ് വിശ്വസിക്കുന്നു.

“ഈ സാഹചര്യത്തിൽ നിന്ന് അവർ ശക്തമായി തന്നെ മുന്നോട്ട് പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത് അവിശ്വസനീയമായ ഒരു സാഹചര്യമാണ്. ദക്ഷിണാഫ്രിക്കൻ നിരയിൽ ഹെണ്ട്രിക്സ് നന്നായി കളിക്കുന്നുണ്ട്. എനിക്ക് ഒരു താരം എന്ന നിലയ്ക്ക് അവനെ ഇഷ്ടമാണ്. അഫ്ഗാനിസ്ഥാൻ സ്പിൻ നിരയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച് ക്ലാസനെ പോലെയുള്ള താരങ്ങൾ ഉള്ളപ്പോൾ. അഫ്ഗാനിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ക്ലാസന് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ അവർക്ക് ഫൈനലിൽ എത്താനും കഴിയും.”- ഹോഗ് പറയുന്നു.

ദക്ഷിണാഫ്രിക്കയുടെ സ്പിൻ കരുത്തിനെപ്പറ്റിയും ഹോഗ് സംസാരിക്കുകയുണ്ടായി. “ഒരു ശക്തമായ സ്ക്വാഡാണ് ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്. ഷംസി, മഹാരാജ് എന്നീ വളരെ മികച്ച സ്പിന്നർമാരും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. കൃത്യമായ രീതിയിൽ മൈതാനത്തെത്തി തങ്ങളുടെ തന്ത്രങ്ങൾ പ്രാവർത്തികമാക്കി ഫൈനലിലേക്ക് പോകാനുള്ള ആത്മവിശ്വാസം നേടുക എന്നതാണ് ദക്ഷിണാഫ്രിക്ക ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് സെമിഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കുകയാണെങ്കിൽ അവർക്ക് ഈ കിരീടം അനായാസം സ്വന്തമാക്കാനും സാധിക്കും.”- ഹോഗ് കൂട്ടിച്ചേർത്തു.

Previous article“2011ൽ ഞങ്ങൾ സച്ചിനായി ലോകകപ്പ് നേടി. ഇത്തവണ ദ്രാവിഡിനായി നേടണം”- സേവാഗ്.
Next article“ഇന്ത്യയെ ഇംഗ്ലണ്ടിന് ഭയമില്ല, അനായാസം തോല്പിക്കും”. ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസർ ഹുസൈൻ.