ചരിത്രം. ട്വന്റി20യിൽ 258 റൺസ് ചേസ് ചെയ്ത് ദക്ഷിണാഫ്രിക്ക. അടിക്ക് തിരിച്ചടി.

വെടിക്കെട്ട് ബാറ്റിംഗിന്റെ ഘോഷയാത്രയുമായി ദക്ഷിണാഫ്രിക്കയുടെ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20. ഇരു ടീമുകളും അടിച്ചുതൂക്കിയ മത്സരത്തിൽ 6 വിക്കറ്റുകളുടെ റെക്കോർഡ് വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരിക്കുന്നത്. ഇരു ടീമുകളുടെയും കളിക്കാർ സെഞ്ച്വറി നേടിയ അപൂർവ്വം ചില ട്വന്റി20 മത്സരങ്ങളിൽ ഒന്നാണ് സെഞ്ചുറിയനിൽ നടന്നത്. വിൻഡിസിനായി ജോൺസൺ ചാൾസ് തകർപ്പൻ സെഞ്ച്വറി നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ ഡികോക്ക് ദക്ഷിണാഫ്രിക്കയുടെ കാവലാളായി മാറുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ബോൾ മുതൽ അടിച്ചു തൂക്കുന്ന നിലപാടാണ് വെസ്റ്റിൻഡീസ് സ്വീകരിച്ചത്. വിൻഡീസിനായി ഓപ്പണർ കൈൽ മേയെഴ്സും(51) ജോൺസൺ ചാൾസും വെടിക്കെട്ട് തീർക്കുന്നതാണ് മത്സരത്തിൽ കണ്ടത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 135 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ജോൺസൺ ചാൾസ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയും നേടി. 46 പന്തുകളിൽ 10 ബൗണ്ടറുകളുടെയും 11 സിക്സറുകളുടെയും അകമ്പടിയോടെ 118 റൺസാണ് ചാൾസ് മത്സരത്തിൽ നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 18 പന്തുകളിൽ 41 റൺസ് നേടിയ റൊമാരിയോ ഷേപ്പേർഡും അടിച്ചു തകർത്തുതോടെ വിൻഡിസ് ചരിത്ര സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 258 റൺസാണ് വിൻഡീസ് നേടിയത്. തങ്ങളുടെ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ വിൻഡീസിന്റെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്.

FsJ25saWYAI9svw

ഇത്ര വലിയ സ്കോർ ബോർഡിലുണ്ടായിട്ടും വിട്ടു നൽകാൻ ഒരുതരത്തിലും തയ്യാറാകാത്ത ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യമാണ് രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ കണ്ടത്. ഓപ്പണർമാരായ ഹെൻട്രിക്സും ഡികോക്കും ദക്ഷിണാഫ്രിക്കയ്ക്കായി തലങ്ങും വിലങ്ങും അടിച്ചു തകർക്കാൻ തുടങ്ങി. ആദ്യ വിക്കറ്റിൽ തന്നെ വെൻഡീസിന്റെ ബോളർമാർക്ക് മേൽ സംഹാര താണ്ഡവമാടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ആദ്യ വിക്കറ്റിൽ കേവലം 11 ഓവറുകളിൽ 152 റൺസാണ് ഡികോക്കും ഹെൻട്രിക്സും ദക്ഷിണാഫ്രിക്കയ്ക്കായി കൂട്ടിചേർത്തത്. ഡികോക്ക് 44 പന്തുകളിൽ 9 ബൗണ്ടറികളുടെയും എട്ടു സിക്സറുകളുടെയും അകമ്പടിയോടെ 100 റൺസ് നേടുകയുണ്ടായി. ഹെൻട്രിക്സ് 28 പന്തുകളിൽ 11 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 68 റൺസ് നേടി. ശേഷം അവസാന ഓവറുകളിൽ മാക്രം(38*) ക്രീസിൽ ഉറച്ചതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് എത്തുകയായിരുന്നു.

മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റൺ ചേസാണ് സെഞ്ചുറിയനിൽ പിറന്നത്. മത്സരത്തിൽ വിജയം നേടിയതോടെ ദക്ഷിണാഫ്രിക്ക പരമ്പര 1-1ന് സമനിലയിൽ ആക്കിയിട്ടുണ്ട്. മാർച്ച് 28നാണ് പരമ്പരയിലെ അവസാന മത്സരം.

Previous articleബെയർസ്റ്റോയ്ക്ക് പകരം പഞ്ചാബിലെത്തുന്നത് പുലിക്കുട്ടി.ബിഗ് ബാഷിലെ പ്ലയർ ഓഫ് ദ് ടൂർണമെന്റ്
Next articleവനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. ഡൽഹിയെ തകര്‍ത്ത് ജേതാക്കളായി.