ദക്ഷിണാഫ്രിക്ക – ഇന്ത്യ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയില്‍. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 223 റണ്‍സ് പിന്തുടര്‍ന്ന സൗത്താഫ്രിക്കന്‍ ടീമിനു അവരുടെ ക്യാപ്റ്റനെ നഷ്ടമായി. 3 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറെ ജസ്പ്രീത് ബൂംറ സ്ലിപ്പില്‍ പൂജാരയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. 8 റണ്‍സുമായി ഏയ്ഡന്‍ മാക്രവും 7 റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ കേശവ് മഹാരാജുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്ക 206 റണ്‍സ് പുറകിലാണ്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 223 റണ്‍സില്‍ എല്ലാവരും പുറത്തായി. 79 റണ്‍സ് നേടിയ വീരാട് കോഹ്ലിയായിരുന്നു ടീമിന്‍റെ ടോപ്പ് സ്കോറര്‍. ഓപ്പണര്‍മാരായ കെല്‍ രാഹുലും (12) മായങ്ക് അഗര്‍വാളും (15) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ 33 ന് 2 എന്ന നിലയിലായി. രണ്ട് ഓവറിന്‍റെ ഇടയിലാണ് ഒളിവറിനും റബാഡക്കും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് സമ്മാനിച്ചത്.
എന്നാല്‍ ചേത്വേശര്‍ പൂജാരക്കൊപ്പം വീരാട് കോഹ്ലി എത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് തകര്‍ച്ചയില്‍ നിന്നും കരകയറി. വീരാട് കോഹ്ലി ക്ഷമയോടെ കളിച്ചപ്പോൾ പൂജാര ടീം സ്കോർ ഉയർത്തി. 62 റണ്‍സ് കൂട്ടിചേര്‍ത്തതിനു ശേഷം 41 റണ്‍സുമായി ചേത്വേശര്‍ പൂജാര മടങ്ങി. മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 95 റണ്‍സ് മാത്രമുണ്ടായിരുന്നുള്ളു.
പിന്നീട് എത്തിയ സീനിയര്‍ താരം അജിങ്ക്യ രഹാന തന്‍റെ മോശം ഫോം തുടര്‍ന്നു. 12 പന്തില്‍ 9 റണ്‍സ് മാത്രം നേടി റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പറിനു ക്യാച്ച് നല്‍കി മടങ്ങി.
ഇന്ത്യന്‍ ക്യാപ്റ്റനു കൂട്ടായി ഋഷഭ് പന്ത് എത്തിയതോടെ ഇന്ത്യൻ സ്കോറിന് ജീവൻവെച്ചു. കോഹ്ലിയും പന്തും ചേർന്ന് ടീം സ്കോർ 160 കടത്തി. പിന്നാലെ വീരാട് കോഹ്ലി കരിയറിലെ 28ാം അര്‍ദ്ധസെഞ്ചുറി നേടി. ക്ഷമയോടെ ക്രീസില്‍ നിന്ന വീരാട് കോഹ്ലിയുടെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ അര്‍ദ്ധസെഞ്ചുറിയാണ് ഇത്.
വീരാട് കോഹ്ലി അർധസെഞ്ചുറി നേടിയതിനു ശേഷം അനാവശ്യ ഷോട്ട് കളിച്ച് റിഷബ് പന്ത് പുറത്തായി. 50 പന്തുകളിൽ നിന്ന് 27 റൺസെടുത്ത ഋഷഭ് പന്തിനെ മാർക്കോ ജാൻസൺ പീറ്റേഴ്സന്റെ കൈയ്യിലെത്തിച്ചു. പിന്നീടെത്തിയ ഓള്‍റൗണ്ടര്‍മാരായ അശ്വിനും (2) താക്കൂറിനും (12) ബാറ്റിംഗില്‍ സംഭാവന നല്‍കാനായില്ലാ. പിന്നാലെ വന്ന ജസ്പ്രീത് ബുംറയെ അക്കൗണ്ട് തുറക്കും മുൻപ് അതിവേഗം മടക്കി റബാദ ഇന്ത്യയെ തകർത്തു.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും വീരാട് കോഹ്ലി ഇന്ത്യയെ 200 കടത്തി. ഇന്നിംഗ്സിലുടനീളം കണ്ട വീരാട് കോഹ്ലി – റബാഡ പോരാട്ടത്തില്‍ വിജയം സൗത്താഫ്രിക്കന്‍ പേസറിനോടൊപ്പം നിന്നു. കോലിയും മടങ്ങി. 201 പന്തുകളിൽ നിന്ന് 79 റൺസെടുത്ത വീരാട് കോഹ്ലി റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ വെറെയ്നിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ഏഴുറൺസെടുത്ത മുഹമ്മദ് ഷമിയെ എൻഗിഡി പുറത്താക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സിനു അവസാനമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലുവിക്കറ്റെടുത്തപ്പോൾ മാർക്കോ ജാൻസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡ്യൂവാൻ ഒലിവിയർ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.