അടിയ്ക്ക് തിരിച്ചടി.. ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇന്ത്യ.. 106 റൺസിന്റെ കൂറ്റൻ വിജയം..

GBU2HkgXsAAk0LC

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ആവേശകരമായ മത്സരത്തിൽ 106 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവായിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ കുൽദീപ് യാദവ് മികവ് പുലർത്തിയപ്പോൾ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 1-1 എന്ന രീതിയിൽ സമനിലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം മത്സരത്തിലെ ദയനീയ പരാജയത്തിന് ഇന്ത്യയുടെ വക പകരം വീട്ടലാണ് മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഗില്ലിന്റെ(12) വിക്കറ്റ് നഷ്ടമായി. പിന്നാലെ തിലക് വർമയും(0) മടങ്ങി. എന്നാൽ ഒരു വശത്ത് ജയസ്വാൾ ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായിരുന്നു. മൂന്നാം വിക്കറ്റിൽ ഇന്ത്യക്കായി സൂര്യകുമാറിനൊപ്പം ചേർന്ന് തകർപ്പൻ കൂട്ടുകെട്ടാണ് ജയസ്വാൾ കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 112 റൺസ് ചേർക്കുകയുണ്ടായി. ഇതോടെ ഇന്ത്യ ശക്തമായ ഒരു നിലയിൽ എത്തുകയായിരുന്നു. ജയസ്വാൾ മത്സരത്തിൽ 41 പന്തുകളിൽ 6 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 60 റൺസാണ് നേടിയത്.

ജയസ്വാൾ പുറത്തായ ശേഷവും സൂര്യകുമാർ മത്സരത്തിൽ താണ്ഡവമാടുകയായിരുന്നു. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരമേൽപ്പിക്കാൻ സൂര്യകുമാറിന് സാധിച്ചു. 55 പന്തുകളിലായിരുന്നു സൂര്യകുമാർ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. സൂര്യയുടെ ട്വന്റി20 കരിയറിലെ നാലാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ഈ തകർപ്പൻ ഇന്നിങ്സോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 201 റൺസ് എന്ന സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ നായകൻ മാക്രം(25) പവർപ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചു.

Read Also -  റിഷഭ് പന്തിനു വിലക്ക്. ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടം നഷ്ടമാകും.

പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ പിഴുതെടുത്ത് ഇന്ത്യൻ ബോളർമാർ ശക്തമായി തിരിച്ചുവരവ് തന്നെ നടത്തുകയുണ്ടായി. മധ്യ ഓവറുകളിൽ സ്പിന്നർമാർ കെണികൾ തീർത്തതോടെ ദക്ഷിണാഫ്രിക്ക തകർന്നടിയുന്നതാണ് കണ്ടത്. ദക്ഷിണാഫ്രിക്കയുടെ മധ്യനിരയിൽ ഡേവിഡ് മില്ലർ(35) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. മറ്റെല്ലാ ബാറ്റർമാരും പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക മത്സരത്തിൽ 106 റൺസിന്റെ വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇന്ത്യക്കായി മത്സരത്തിൽ കുൽദീപ് 5 വിക്കറ്റുകളും രവീന്ദ്ര ജഡേജ 2 വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

Scroll to Top