സൂര്യ- വീര താണ്ഡവം. തകർപ്പൻ സെഞ്ച്വറി. ഇന്ത്യ നേടിയത് 201 റൺസ്.

GBUid78XwAUce2C scaled

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും നിറഞ്ഞാടി ഇന്ത്യൻ ബാറ്റർമാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 201 റൺസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പണർ ജയസ്വാളിന്റെയും നായകൻ സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് ഇത്ര ശക്തമായ സ്കോർ സമ്മാനിച്ചത്.

ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു തൂക്കാൻ ഇരുവർക്കും സാധിച്ചു. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു സ്കോറാണ് മത്സരത്തിൽ കെട്ടിപ്പൊക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബോളിങ്ങിലുണ്ടായ പിഴവുകൾ മറികടന്ന് ഇത്തവണ വിജയം നേടാൻ സാധിക്കും എന്ന് പ്രതീക്ഷയിലാണ് ഇന്ത്യ.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ജയസ്വാൾ നൽകിയത്. എന്നാൽ മറുവശത്ത് മറ്റൊരു ഓപ്പണറായ ഗില്‍(12) തുടക്കത്തിൽ തന്നെ കൂടാരം കയറി. മാത്രമല്ല മൂന്നാമനായെത്തിയ തിലക് വർമ(0) കേവലം ഒരു പന്ത് മാത്രമാണ് നേരിട്ടത്. ഇതോടെ ഇന്ത്യ 29ന് 2 എന്ന നിലയിൽ തകരുകയായിരുന്നു.

ശേഷമാണ് നായകൻ സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയത്. ജയസ്വാളിനെയും കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് ഇന്ത്യൻ ഇന്നിങ്സ് മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു വശത്ത് ജയസ്വാൾ തന്റേതായ രീതിയിൽ വെടിക്കെട്ട് തീർത്തപ്പോൾ മറുവശത്ത് സൂര്യകുമാർ പോരാടി തന്നെയാണ് മുന്നേറിയത്.

Read Also -  "ധോണി അവസാനമേ ക്രീസിലെത്തൂ. വലിയ പരിക്കിനോട് പോരാടുന്നു. "- സ്റ്റീഫൻ ഫ്ലമിങ് പറയുന്നു.

മത്സരത്തിൽ 34 പന്തുകളിൽ നിന്നായിരുന്നു ജയസ്വാൾ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. സൂര്യകുമാർ യാദവ് തന്റെ ഇന്നിങ്സിന്റെ ആദ്യ സമയത്ത് പതറിയെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. 32 പന്തുകളിലാണ് സൂര്യ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷം ദക്ഷിണാഫ്രിക്കൻ ബോളർമാരെ എല്ലാ ദിശയിലേക്കും അടിച്ചു തകർക്കാനും സൂര്യകുമാറിന് സാധിച്ചു. മത്സരത്തിൽ 40 പന്തുകൾ നേരിട്ട ജയസ്വാൽ 60 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു.

ജയസ്വാൾ പുറത്തായ ശേഷവും സൂര്യകുമാർ യാദവ് ആക്രമണം അഴിച്ചു വിടുകയായിരുന്നു. അവസാന ഓവറുകളിൽ ശക്തമായ വെടിക്കെട്ട് തീർക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. മത്സരത്തിൽ 55 പന്തുകളിൽ നിന്നാണ് സൂര്യകുമാർ യാദവ് തന്റെ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിന്റെ ട്വന്റി20 കരിയറിലെ നാലാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. 7 ബൗണ്ടറികളും 8 സിക്സറുകളും സൂര്യയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. സൂര്യയുടെ ഈ മികവിൽ മത്സരത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 201 റൺസ് സ്വന്തമാക്കുകയായിരുന്നു.

Scroll to Top