ആദ്യ ദിനം രാഹുലിന്റെ ഒറ്റയാൾ പോരാട്ടം. സെഞ്ചൂറിയനിൽ കരകയറി ഇന്ത്യ.

kl rahul

ദക്ഷിണാഫ്രിക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ബാറ്റിംഗിൽ പതറി ഇന്ത്യ. മത്സരത്തിൽ ആദ്യദിനം കളി നിർത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ 208ന് 8 എന്ന നിലയിലാണ് ഇന്ത്യ. മത്സരത്തിൽ മഴ അതിഥിയായി എത്തിയതോടെ അവസാന സെഷന്റെ നല്ലൊരു ശതമാനവും ഉപേക്ഷിക്കുകയായിരുന്നു. പൂർണ്ണമായും ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റർമാർ അടിയറവ് പറയുന്നതാണ് കണ്ടത്.

ഇന്ത്യൻ നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ കെഎൽ രാഹുലാണ് ക്രീസിൽ പിടിച്ചുനിന്നത്. മറ്റു ബാറ്റർമാർ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് ലഭിച്ച ബൗൺസിൽ നിലം പതിച്ചപ്പോൾ ഇന്ത്യൻ സ്കോർ 208ന് 8 എന്ന റൺസിൽ ഒതുങ്ങുകയായിരുന്നു. എന്നിരുന്നാലും ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അത്ര മോശം തുടക്കമല്ല ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യയെ സമർദത്തിലാക്കാൻ ദക്ഷിണാഫ്രിക്കയുടെ പേസർമാർക്ക് സാധിച്ചു. ഇന്ത്യയുടെ നായകൻ രോഹിത് ശർമയേയും(5) ശുഭമാൻ ഗില്ലിനെയും(2) തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്ക വീഴ്ത്തി.

രോഹിത് ശർമ ഒരു പിഴവിലൂടെയാണ് മത്സരത്തിൽ പുറത്തായത്. എന്നാൽ നാലാമനായി എത്തിയ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ക്രീസിൽ ഉറയ്ക്കുകയായിരുന്നു. 24ന് 3 എന്ന നിലയിൽ തകർന്ന ഇന്ത്യക്കായി തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തു. 68 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്

Read Also -  അവന്റെ കയ്യിൽ ഇന്ത്യൻ ടീം സുരക്ഷിതമായിരിക്കും, വമ്പൻ പ്രസ്താവന നടത്തി ബ്രെറ്റ് ലീ

വിരാട് കോഹ്ലി മത്സരത്തിൽ 38 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 31 റൺസാണ് നേടിയത്. എന്നാൽ ലഞ്ചിന് ശേഷം ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി മാറി. ശേഷമാണ് വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. 24 റൺസ് നേടിയ ശർദുൽ താക്കൂറും രാഹുലിന് തരക്കേടില്ലാത്ത പിന്തുണ നൽകി. വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് രാഹുൽ പതിയെ ഇന്ത്യയുടെ സ്കോർ ചലിപ്പിക്കുകയായിരുന്നു. ഇങ്ങനെയാണ് ഇന്ത്യ ഒരു ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്.

രാഹുൽ മത്സരത്തിൽ 105 പന്തുകൾ നേരിട്ട് 70 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു. 10 ബൗണ്ടറികളും രണ്ട് സിക്സറുകളും രാഹുലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ദക്ഷിണാഫ്രിക്കക്കായി റബാഡയാണ് തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 44 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റുകളാണ് റബാഡ സ്വന്തമാക്കിയത്.

ഒപ്പം മറ്റു പേസർമാരും അവസരത്തിനൊത്ത് ഉയരുകയായിരുന്നു. പിച്ചിൽ അധികമായുള്ള ബൗൺസാണ് ഇന്ത്യൻ ബാറ്റർമാരെ പൂർണമായും സമ്മർദ്ദത്തിലാക്കിയത്. ഒപ്പം അവസാന സെക്ഷനിൽ മഴ എത്തിയതോടെ ആദ്യ ദിവസത്തെ മത്സരം തടസപ്പെടുകയായിരുന്നു.

Scroll to Top