ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് ആഫ്രിക്ക. രണ്ടാം ദിവസം കൃത്യമായ ലീഡും ആധിപത്യവും.

GCWUvebW8AE66MH e1703692177770

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ശക്തമായ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ ആദ്യ ഇന്നിംഗ്സ് സ്കോർ അനായാസം മറികടക്കാൻ രണ്ടാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ ഒരു വമ്പൻ ലീഡിലേക്ക് ദക്ഷിണാഫ്രിക്ക നീങ്ങുന്നതാണ് മത്സരത്തിൽ കാണുന്നത്.

ആദ്യം ഇന്നിങ്സിൽ 5 വിക്കറ്റുകൾ അവശേഷിക്കെ ഇതുവരെ 11 റൺസിന്റെ ലീഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ചുറി സ്വന്തമാക്കിയ ഡീൻ എൽഗറാണ് ബാറ്റിംഗിൽ തിളങ്ങിയത്. മറുവശത്ത് ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനിൽപ്പിന് മുൻപിൽ വിയർക്കുന്നതാണ് രണ്ടാം ദിവസം കണ്ടത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ആദ്യ ദിവസം രാഹുലായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ടാം ദിവസവും രാഹുലിന് തന്റെ മികവ് ആവർത്തിക്കാൻ സാധിച്ചു. വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് ആദ്യ സെഷനിൽ തന്നെ രാഹുൽ ദക്ഷിണാഫ്രിക്കൻ ബോളർമാരെ പഞ്ഞിക്കിട്ടു.

മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടാനും രാഹുലിന് സാധിച്ചു. തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ രാഹുൽ നേടിയത്. 137 പന്തുകൾ നേരിട്ട രാഹുൽ 14 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 101 റൺസ് മത്സരത്തിൽ നേടുകയുണ്ടായി. ഇതോടെ ഇന്ത്യ 245 എന്ന സ്കോറിൽ എത്തുകയായിരുന്നു.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ മാക്രത്തിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് ഡി സോഴ്സിയും എൽഗറും ദക്ഷിണാഫ്രിക്കക്കായി ക്രീസിൽ ഉറക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. ഇതോടെ ഇന്ത്യ ബാക് ഫുട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഒപ്പം നാലാം വിക്കറ്റിൽ ബെഡിങ്കമിനൊപ്പം ഡീന്‍ എൽഗർ ക്രീസിലുറച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 131 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ബെഡിങ്കം മത്സരത്തിൽ 87 പന്തുകളില്‍ 56 റൺസ് ആണ് നേടിയത്. ഈ സമയത്ത് തന്നെ എൽഗർ തന്റെ സെഞ്ച്വറിയും പൂർത്തീകരിക്കുകയുണ്ടായി.

അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിലും ശക്തമായ ഒരു സ്കോർ കെട്ടിപ്പടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ 256ന് 5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിങ്സിൽ 11 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്.

211 പന്തുകളിൽ 140 റൺസ് നേടിയ എൽഗർ ക്രീസിൽ തുടരുന്നതും ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമാണ്. മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ഒരു ലീഡ് കണ്ടെത്തി ഇന്ത്യയെ സമർദത്തിലാക്കി വിജയം സ്വന്തമാക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.

Scroll to Top