അഫ്ഗാന്‍ തകര്‍ന്നടിഞ്ഞു. സൗത്താഫ്രിക്ക ടി20 ലോകകപ്പ് ഫൈനലില്‍

2024 ട്വന്റി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക. അഫ്ഗാനിതരായ സെമിഫൈനൽ മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിന്റെ ഫൈനലിൽ ഇടം പിടിക്കുന്നത്. നിർഭാഗ്യത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ടീമായിരുന്നു ദക്ഷിണാഫ്രിക്ക.

എന്നാൽ ഈ ടൂർണമെന്റിൽ ശക്തമായ പ്രകടനങ്ങളോടെയാണ് ആഫ്രിക്ക ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ മത്സരത്തിലെ വിജയികളാവും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ എതിരാളികളായി എത്തുക.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ അഫ്ഗാനിസ്ഥാന് പൂർണമായും കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനായി മികവ് പുലർത്തിയ ഓപ്പണർമാർ ഗുർബാസും(0) ഇബ്രാഹിം സദ്രാനും(2) തുടക്കത്തിൽ തന്നെ വീണു. ഒപ്പം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ അഫ്ഗാനിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിൽ ഒതുങ്ങുകയുണ്ടായി.

ദക്ഷിണാഫ്രിക്കൻ ബോളിങ് നിരയിൽ മാർക്കോ യാൻസനാണ് തുടക്കത്തിൽ അഫ്ഗാനിസ്ഥാന്റെ വേര് പിഴുതെറിഞ്ഞത്. പിന്നീട് റബാഡയും നോർക്യയും ഷംസിയും മികവ് പുലർത്തിയതോടെ അഫ്ഗാനിസ്ഥാൻ പൂർണ്ണമായി പരാജയപ്പെടുകയായിരുന്നു.

മത്സരത്തിൽ കേവലം 56 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാന് നേടാൻ സാധിച്ചത്. ലോകകപ്പ് സെമിഫൈനലിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നേടിയത്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കായി യാൻസനും ഷംസിയും 3 വിക്കറ്റ്കൾ വീതം സ്വന്തമാക്കി മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഡികോക്കിന്റെ വിക്കറ്റ് നഷ്ടമായി.

പക്ഷേ അതിന് ശേഷം വളരെ കരുതലോടെയാണ് ദക്ഷിണാഫ്രിക്ക കളിച്ചത്. തിടുക്കത്തിൽ റൺസ് കണ്ടെത്തുക എന്നതിലുപരിയായി വിക്കറ്റ് സൂക്ഷിക്കാനാണ് ദക്ഷിണാഫ്രിക്ക ശ്രമിച്ചത്.

ഇതോടെ അഫ്ഗാനിസ്ഥാന്റെ തന്ത്രങ്ങൾ പാളുകയായിരുന്നു. യാതൊരു തരത്തിലും വമ്പൻ ഷോട്ടുകൾ കളിക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ശ്രമിച്ചില്ല. ഹെൻട്രിക്സും ക്യാപ്റ്റൻ മാക്രവും വളരെ സൂക്ഷ്മതയോടെ മുൻപോട്ടു പോയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം ലഭിച്ചു. ഹെൻട്രിക്സ് മത്സരത്തിൽ 29 റൺസ് നേടിയപ്പോൾ മാക്രം 23 റൺസാണ് സ്വന്തമാക്കിയത്.

എന്തായാലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു ഏടാണ് 2024 ലോകകപ്പിൽ പിറന്നിരിക്കുന്നത്. മറുവശത്ത് വളരെ കഠിനപ്രയത്നത്തിലൂടെ സെമിഫൈനലിൽ എത്തിയ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് നിരാശജനകമായ ക്ലൈമാക്സാണ് ഉണ്ടായിരിക്കുന്നത്.

Previous articleഓസീസിനെതിരെ ഇന്ത്യ പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി ഇൻസമാം ഉൾ ഹഖ്.
Next article“2022 ലോകകപ്പ് സെമി ഫൈനൽ ഓർമ്മയുണ്ടോ?”, ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്.