സ്മിത്ത് ഗോള്‍ഡന്‍ ഡക്ക്. ഇതിനു മുന്‍പ് സംഭവിച്ചത് ഒരു തവണ മാത്രം.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഏഴാം ഓവറിലായിരുന്നു സ്മിത്തിനെ ബുംറ സ്റ്റമ്പിന് മുൻപിൽ കുടുക്കിയത്.

നേരിട്ട ആദ്യ പന്തിൽ തന്നെ സ്മിത്തിനെ ഞെട്ടിക്കാൻ ബുംറയ്ക്ക് സാധിച്ചു. ഇതോടെ ഒരു വ്യത്യസ്തമായ നേട്ടവും ബുംറ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തിനെ ഗോൾഡൻ ഡക്കായി മടക്കിയ ബോളർമാരുടെ ലിസ്റ്റിൽ ഡെയ്ൽ സ്‌റ്റെയ്‌ന് ഒപ്പമാണ് നിലവിൽ ബുംറ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.

ഇതുവരെ തന്റെ കരിയറിൽ 196 ഇന്നിംഗ്സുകളിൽ 11 തവണയാണ് സ്മിത്ത് പൂജ്യനായി മടങ്ങിയിട്ടുള്ളത്. ഇത് രണ്ടാം തവണ മാത്രമാണ് സ്മിത്ത് തന്റെ കരിയറിൽ ഗോൾഡൻ ഡക്കായി മടങ്ങുന്നത്. ഇതിന് മുൻപ് 2014ൽ ആയിരുന്നു സ്മിത്ത് ഗോൾഡൻ ഡക്കായി മടങ്ങിയത്. അന്ന് ഡേയ്ൽ സ്റ്റെയിനാണ് സ്മിത്തിനെ സ്റ്റമ്പിന് മുൻപിൽ കുടുക്കിയത്.

മത്സരത്തിന്റെ ആദ്യ ദിവസം തകർപ്പൻ ബോളിംഗ് പ്രകടനവുമായാണ് ഇന്ത്യൻ പേസർ ബുംറ കളംവിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 150 റൺസിന് പുറത്തായിരുന്നു. ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യക്കായി ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഓസ്ട്രേലിയൻ ഓപ്പണർ മക്സ്വീനിയെ പുറത്താക്കിയാണ് ബുംറ തന്റെ സംഹാരം ആവർത്തിച്ചത്. ഇതിന് പിന്നാലെ ഉസ്മാൻ ഖവാജയെയും സ്റ്റീവ് സ്മിത്തിനെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കി ബുംറ വീര്യം കാട്ടി. മത്സരത്തിന്റെ ആദ്യ ദിവസം ഓസ്ട്രേലിയൻ നിരയിലെ 4 വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. ഇതോടെ ഓസ്ട്രേലിയ മത്സരത്തിൽ ഒരുപാട് പിന്നിലായിട്ടുണ്ട്.

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റുകളുടെ നഷ്ടത്തിൽ 67 റൺസാണ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ സ്കോർ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇനിയും ഓസ്ട്രേലിയക്ക് 83 റൺസ് കൂടി സ്വന്തമാക്കേണ്ടതുണ്ട്. നിലവിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കെയറിയും മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിലുള്ളത്. രണ്ടാം ദിവസം ഇരുവരെയും പെട്ടെന്ന് തന്നെ പുറത്താക്കി 50 റൺസിന് മുകളിൽ ഒരു ലീഡ് കണ്ടെത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. മാത്രമല്ല ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ വരുത്തിയ പിഴവുകൾ മറികടന്ന് രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്.

Previous articleബും ബും ബുംറ. ആദ്യ ദിവസം ഓസീസിനെ വിറപ്പിച്ച് ഇന്ത്യൻ ബോളർമാർ