ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷൈനും കാഴ്ചവച്ചത്. ഇരുവരുടെയും മോശം പ്രകടനം ഓസ്ട്രേലിയയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചു.
ഈ സാഹചര്യത്തിൽ ഇരുവർക്കും ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഈ താരങ്ങൾ വിരാട് കോഹ്ലിയെ കണ്ടുപഠിക്കണം എന്നാണ് പോണ്ടിംഗ് പറയുന്നത്. പരമ്പരയിലെ മോശം ഫോമിൽ നിന്ന് പുറത്തു വരണമെങ്കിൽ വിരാട് കോഹ്ലി സ്വീകരിച്ച ചില വഴികൾ ഇവരും സ്വീകരിക്കേണ്ടതുണ്ട് എന്നാണ് പോണ്ടിങ്ങിന്റെ പക്ഷം.
ആത്മവിശ്വാസത്തിൽ പിന്നിലായിട്ടും പേർത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ കേവലം 5 റൺസിന് കോഹ്ലി പുറത്തായി. എന്നാൽ രണ്ടാം ഇന്നിങ്സിൽ വമ്പൻ തിരിച്ചു വരവാണ് താരം നടത്തിയത്. ന്യൂസിലാൻഡ് പരമ്പരയിൽ നേരിട്ട വിമർശനങ്ങളെ ഒരു ഇന്നിംഗ്സ് കൊണ്ട് ഇല്ലാതാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു.
ഓസ്ട്രേലിയൻ ബാറ്റർമാരും കോഹ്ലിയെ കണ്ടുപഠിക്കണം എന്നാണ് പോണ്ടിംഗ് ഇപ്പോൾ പറയുന്നത്. ഇതുവരെ 2024ൽ ടെസ്റ്റ് മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിക്കാത്ത ബാറ്റർമാരാണ് സ്മിത്തും ലബുഷൈനും. ഇരുവരുടെയും 2024ലെ ശരാശരി 30 റൺസിന് താഴെയാണ്. ഈ സാഹചര്യത്തിലാണ് പോണ്ടിംഗ് രംഗത്തെത്തിയത്.
“മത്സരത്തിന്റെ രണ്ടാം ഇന്നിസിൽ വിരാട് കോഹ്ലി തന്റെ പ്രകടനത്തെ വിശ്വസിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ആദ്യ ഇന്നിങ്സിൽ നിന്ന് വിപരീതമായി രണ്ടാം ഇന്നിങ്സിൽ കോഹ്ലി ഒരു വ്യത്യസ്ത താരമായി നമുക്ക് തോന്നിയത്. എതിർടീമിനെ പറ്റി ചിന്തിക്കുന്നതിന് പകരം തന്റേതായ ശക്തിയിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോഹ്ലി രണ്ടാം ഇന്നിങ്സിൽ കളിച്ചത്. അത് തന്നെയാണ് ലബുഷൈനും സ്മിത്തും ചെയ്യേണ്ടത്. ഇരുവരും തങ്ങളുടെതായ വഴി കണ്ടുപിടിക്കുകയും കൃത്യമായി മനോഭാവം പുലർത്തുകയും ചെയ്യണം.”- റിക്കി പോണ്ടിംഗ് പറയുന്നു.
“ഇവർ ആദ്യം റൺസ് എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി ആലോചിക്കണം. അല്ലാതെ ഔട്ട് ആകുമോ എന്ന മനോഭാവത്തിൽ കളിച്ചിട്ട് യാതൊരു കാര്യവുമില്ല. ഒരു ബാറ്ററെ സംബന്ധിച്ച് അതൊരു വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് അവൻ ഒരു മികച്ച ഫോമിൽ അല്ലാത്ത സമയത്ത്. ഇതിൽ മാറ്റം ഉണ്ടാക്കാൻ ഒരു വഴി മാത്രമാണ് മുൻപിലുള്ളത്. പോസിറ്റീവായി തന്നെ മൈതാനത്ത് തുടരുകയും മികച്ച മനോഭാവം പുലർത്തുകയും ചെയ്യണം.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു. നിലവിൽ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് ഇന്ത്യ മുൻപിലാണ്. ഡിസംബർ 6നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.