കേരളത്തിനായി സഞ്ജു ആട്ടം. 45 പന്തിൽ 75 റൺസ്. സർവീസസിനെ തകർത്ത് ആദ്യ വിജയം.

2024 സൈദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വിജയം നേടി കേരള ടീം. നായകൻ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് കേരളം മത്സരത്തിൽ തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് ടീം നിശ്ചിത 20 ഓവറുകളിൽ 149 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ സഞ്ജു സാംസൺ വെടിക്കെട്ട് തീർത്തതോടെ കേരളം 18 ഓവറുകൾക്കുള്ളിൽ തന്നെ വിജയം സ്വന്തമാക്കി. സമീപകാലത്ത് ഇന്ത്യയ്ക്കായി ട്വന്റി20 മത്സരങ്ങളിൽ സെഞ്ച്വറികൾ സ്വന്തമാക്കിയ സഞ്ജു സാംസണിന്റെ മറ്റൊരു വെടിക്കെട്ടാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ കേരളത്തിനായി 2 വിക്കറ്റുകൾ സ്വന്തമാക്കി നിതീഷ് എംഡി സർവീസസിനെ ഞെട്ടിക്കുകയുണ്ടായി. ശേഷം മൂന്നാമനായി ക്രീസിലെത്തിയ വിനീത് ധൻകരാണ് സർവീസസിനായി അല്പം പൊരുതിയത്. പിന്നീടെത്തിയ നായകൻ ആഹ്ലാവാതും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചതോടെ സർവീസസിന്റെ സ്കോർ കുതിച്ചു. വിനീത് മത്സരത്തിൽ 28 പന്തുകളിൽ 35 റൺസ് നേടിയപ്പോൾ നായകൻ മോഹിത് ആഹ്ലാവാത് 29 പന്തുകളിൽ 41 റൺസാണ് സ്വന്തമാക്കിയത്. ശേഷം വിക്കറ്റ് കീപ്പർ അരുൺ കുമാർ 28 റൺസുമായി സർവീസിനായി പൊരുതി.

പക്ഷേ അവസാന സമയത്ത് അഖിൽ സ്കറിയ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനം പുറത്തെടുത്തതോടെ സർവീസസ് ബാറ്റിംഗ് നിര വീഴുകയായിരുന്നു. 4 ഓവറുകളിൽ 30 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകളാണ് അഖിൽ സ്കറിയ മത്സരത്തിൽ നേടിയത്. ഇതോടെ സർവീസസിന്റെ ഇന്നിങ്സ് 149 റൺസിൽ അവസാനിച്ചു. 150 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ കേരളത്തിനായി തുടക്കം മുതൽ സഞ്ജു സാംസൺ വെടിക്കെട്ട് തീർത്തു. ഒരു നായകന്റെ റോളിൽ വളരെ പക്വതയോടെയാണ് സഞ്ജു മത്സരത്തിലുടനീളം കളിച്ചത്.

സർവീസസിന്റെ ബോളർമാരെ കൃത്യമായി പ്രഹരിക്കാനും സ്കോറിംഗ് റേറ്റ് ഉയർത്താനും സഞ്ജുവിന് സാധിച്ചു. മറുവശത്ത് 27 റൺസ് നേടിയ രോഹൻ കുന്നുമ്മൽ പുറത്തായിട്ടും സഞ്ജു കുലുങ്ങിയില്ല. ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയോടെ സഞ്ജു കേരളത്തെ കൈപിടിച്ചു കയറ്റുകയായിരുന്നു. മത്സരത്തിൽ 45 പന്തുകളിൽ 75 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. 10 ബൗണ്ടറികളും 3 സിക്സ്റുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതോടെ കേരളം മത്സരത്തിൽ ഒരു അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് കേരളം നേടിയത്

Previous article“പന്തിന് വേഗതയില്ല, സ്ലോയാണ്”, ഹർഷിത് റാണയെ ട്രോളിയ സ്റ്റാർക്കിന് ജയസ്വാളിന്റെ കിടിലൻ മറുപടി.