SMAT 2024 : വെടിക്കെട്ടുമായി രോഹനും സച്ചിൻ ബേബിയും. 12 ഓവറിൽ കളി ജയിച്ച് കേരളം.

സൈദ് മുഷ്തഖ് അലി ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ 8 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് നാഗലാന്‍റിനെതിരെ കേരളം സ്വന്തമാക്കിയത്. 46 ബോളുകൾ ശേഷിക്കവെയായിരുന്നു മത്സരത്തിൽ കേരളത്തിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് ടീമിനെ കേവലം 120 റൺസിൽ ഒതുക്കാൻ കേരള ബോളർമാർക്ക് സാധിച്ചിരുന്നു. ശേഷം മറുപടി ബാറ്റിംഗിൽ കേരളത്തിനായി രോഹിൻ കുന്നുമ്മലും സച്ചിൻ ബേബിയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. രോഹൻ മത്സരത്തിൽ അർധസെഞ്ച്വറി സ്വന്തമാക്കിയപ്പോൾ കേരളം അനായാസം വിജയത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ നാഗാലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് നാഗാലാന്റിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. എന്നാൽ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി ബേസിൽ എൻ പി കേരളത്തെ മത്സരത്തിൽ മുമ്പിൽ എത്തിക്കുകയുണ്ടായി. ഓപ്പണർമാർ നൽകിയ തുടക്കം നല്ല രീതിയിൽ മുതലാക്കുന്നതിൽ നാഗാലാൻഡ് പരാജയപ്പെട്ടു. ഇതോടെ നാഗാലാൻഡിന്റെ ഇന്നിംഗ്സ് കേവലം 120 റൺസിൽ അവസാനിക്കുകയായിരുന്നു. മറുവശത്ത് കേരളത്തിനായി മികച്ച ബോളിംഗ് പ്രകടനമാണ് എല്ലാവരും കാഴ്ചവച്ചത്.

4 ഓവറുകളിൽ 16 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ബേസിൽ എൻ പിയാണ് കേരളത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ബേസിൽ തമ്പി 4 ഓവറുകളിൽ 27 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കി. 121 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ കേരളം എത്രയും വേഗം വിജയം സ്വന്തമാക്കാൻ തന്നെയാണ് ശ്രമിച്ചത്. എന്നാൽ അപകടകാരിയായ വിഷ്ണു വിനോദിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ കേരളത്തിന് നഷ്ടമായി. പക്ഷേ രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും ചേർന്ന് ഒരു ഭീമാകാരമായ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു.

പൂർണ്ണമായ ആക്രമണം അഴിച്ചുവിട്ടാണ് ഇരുവരും മത്സരത്തിൽ കേരളത്തെ വിജയത്തിലേക്ക് അടുപ്പിച്ചത്. രോഹൻ കുന്നുമ്മൽ 28 പന്തുകളിൽ 6 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 57 റൺസാണ് രോഹൻ സ്വന്തമാക്കിയത്.

സച്ചിൻ ബേബിയും മത്സരത്തിൽ പൂർണമായി ആക്രമണം അഴിച്ചുവിട്ടു. 31 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 48 റൺസ് നേടി സച്ചിൻ പുറത്താവാതെ നിന്നു. ഇതോടെ മത്സരത്തിൽ കേരളം പന്ത്രണ്ടാം ഓവറിൽ തന്നെ വിജയം സ്വന്തമാക്കുകയായിരുന്നു. 8 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ കേരളം സ്വന്തമാക്കിയത്.

Previous articleഅവിസ്മരണീയ യാത്ര ഇവിടെ കഴിയുന്നു. ബാംഗ്ലൂർ ടീമിലെ പ്രയാണം അവസാനിപ്പിച്ച സിറാജിന്റെ വാക്കുകൾ.
Next articleടെസ്റ്റ്‌ റാങ്കിൽ ബുംറ വീണ്ടും ഒന്നാം സ്ഥാനത്ത്. ബാറ്റിംഗില്‍ ജയ്സ്വാൾ രണ്ടാം സ്ഥാനത്ത്. കോഹ്ലിയ്ക്കും മുന്നേറ്റം.