SMAT : പടിക്കൽ കലമുടച്ച് കേരളം.. ആന്ധ്രയ്ക്കെതിരെ കൂറ്റൻ തോൽവി.. ബാറ്റിംഗിൽ സഞ്ചുവിനും പരാജയം

സൈദ് മുഷ്തഖ്‌ അലി ട്രോഫി ടൂർണമെന്റിൽ ആന്ധ്രപ്രദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ഒരു കൂറ്റൻ പരാജയം ഏറ്റുവാങ്ങി കേരളം. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും കേരളം പൂർണമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ടൂർണമെന്റിൽ മുംബൈ അടക്കമുള്ള വമ്പൻ ടീമുകളെ മുട്ടുകുത്തിച്ചെത്തിയ കേരളത്തിന്റെ മോശം പ്രകടനമായിരുന്നു മത്സരത്തിൽ കണ്ടത്.

നായകൻ സഞ്ജു സാംസൺ അടക്കമുള്ളവർ ബാറ്റിംഗിൽ വലിയ പരാജയമായി മാറുകയായിരുന്നു. ഇത്തരത്തിൽ കേരളം കേവലം 87 റൺസിന് പുറത്താവുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ആന്ധ്ര അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ പരാജയത്തോടെ കേരളത്തിന്റെ അടുത്ത റൗണ്ടിലേക്കുള്ള ക്വാളിഫിക്കേഷൻ അവതാളത്തിൽ ആയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കം മുതൽ കേരളത്തിന്റെ ബാറ്റിംഗ് നിര കടപുഴകി വീഴുന്നതാണ് കണ്ടത്. നായകൻ സഞ്ജു സാംസൺ 7 റൺസും രോഹൻ കുന്നുമ്മൽ 9 റൺസും മാത്രമാണ് കേരളത്തിനായി നേടിയത്. പിന്നാലെ മുഹമ്മദ് അസറുദ്ദീൻ പൂജ്യനായി മടങ്ങിയതോടെ കേരളം തകർന്നു. മൂന്നാമതായി ക്രീസിലെത്തിയ ജലജ് സക്സെന മാത്രമാണ് അല്പസമയം ക്രീസിൽ പിടിച്ചുനിന്നത്. 22 പന്തുകളിൽ 27 റൺസ് ആയിരുന്നു സക്സേന നേടിയത്. ശേഷമെത്തിയ ബാറ്റർമാർക്ക് ആർക്കും തന്നെ കേരളത്തിനായി മികവ് പുലർത്താൻ സാധിച്ചില്ല. വിഷ്ണു വിനോദും സൽമാൻ നിസാറും മത്സരത്തിൽ തീർത്തും പരാജയപ്പെട്ടു.

ഇതോടെ കേരളത്തിന്റെ ഇന്നിംഗ്സ് കേവലം 87 റൺസിൽ അവസാനിക്കുകയായിരുന്നു. ആന്ധ്ര ടീമിനായി ബോളർമാരൊക്കെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ശശികാന്ത് 3 വിക്കറ്റും സുദർശൻ, രാജു, വിനയ് എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തുകയുണ്ടായി. 88 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗ് ആരംഭിച്ച ആന്ധ്രപ്രദേശിന് വേണ്ടി ഓപ്പണർ കെ എസ് ഭരതാണ് വെടിക്കെട്ട് തീർത്തത്. ആദ്യ സമയത്ത് തന്റെ ടീമിനായി വളരെ കരുതലോടെയാണ് ഭരത് മുൻപിലേക്ക് നീങ്ങിയത്. ശേഷം മത്സരത്തിന്റെ അവസാന ഭാഗത്തിൽ ഭരത് മികവ് പുലർത്തുകയായിരുന്നു.

മത്സരത്തിൽ 33 പന്തുകളിൽ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 56 റൺസാണ് ഭരത് സ്വന്തമാക്കിയത്. ഇങ്ങനെ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം ആന്ധ്ര ടീം സ്വന്തമാക്കുകയായിരുന്നു. 7 ഓവറുകൾ ബാക്കിനിൽക്കവെയാണ് ആന്ധ്ര മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. ഇതോടെ കേരളത്തിന്റെ വലിയ സ്വപ്നങ്ങളാണ് പൊലിഞ്ഞിരിക്കുന്നത്. ഈ വിജയത്തോടെ ആന്ധ്രപ്രദേശ് അടുത്ത റൗണ്ടിലേക്ക് യോഗ്യത കണ്ടെത്തിയിട്ടുണ്ട്

Previous articleഅഡ്ലൈഡിൽ രോഹിത് ഓപ്പണിങ് ഇറങ്ങരുത്. 3 കാരണങ്ങൾ ഇതാ.
Next article“ഗില്ലിനെ രണ്ടാം മത്സരത്തിൽ കളിപ്പിക്കരുത്. ജൂറൽ തന്നെ തുടരണം.”, കാരണം വ്യക്തമാക്കി ഹർഭജൻ.