കേരളം പുറത്ത്. ഇവിടെ രോഹിത് ചിരിക്കുമ്പോൾ, അവിടെ സഞ്ജുവിന് നിരാശ.

sanju sad ipl 2023

സൈദ് മുസ്തഖ് അലി ട്രോഫി ക്വാർട്ടറിൽ പരാജയപ്പെട്ട് കേരളം പുറത്തേക്ക്. ക്വാർട്ടർ മത്സരത്തിൽ ആസാം ടീമിനെതിരെയാണ് കേരളം പരാജയപ്പെട്ടത്. മത്സരത്തിൽ 6 വിക്കറ്റുകളുടെ പരാജയമാണ് കേരളം നേരിട്ടത്. മുൻപ് ലീഗ് ഘട്ടത്തിലും ആസമിനെതിരെ ആയിരുന്നു കേരളം പരാജയമറിഞ്ഞത്. മത്സരത്തിൽ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ നിരാശാജനകമായ പ്രകടനങ്ങൾ പുറത്തെടുത്തതാണ് കേരളത്തിന് തിരിച്ചടിയായത്. മുൻനിര ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകർന്നത് കേരളത്തിനെ വലിയ രീതിയിൽ ബാധിക്കുകയായിരുന്നു. മറുവശത്ത് ആസാമിനായി ഗാഡിഗോങ്കർ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനവും കാഴ്ചവച്ചു.

മത്സരത്തിൽ ടോസ് നേടിയ ആസാം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന്റെ മുൻനിര ബാറ്റർമാർ പുറത്തെടുത്തത്. വലിയ പ്രതീക്ഷയായിരുന്ന രോഹൻ കുന്നുമ്മൽ(9) വിഷ്ണു വിനോദ്(16) സഞ്ജു സാംസൺ(0) ശ്രേയസ് ഗോപാൽ(0) തുടങ്ങിയവർ പൊരുതാതെ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. നായകൻ സഞ്ജു സാംസൺ മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് പുറത്തായത്. വലിയ പ്രതീക്ഷയായിരുന്ന ഓൾറൗണ്ടർ ശ്രേയസ് ഗോപാലും പൂജ്യനായി മടങ്ങി. ഇതോടെ കേരളം 44ന് 5 എന്ന മോശം അവസ്ഥയിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പിന്നീടാണ് കേരളത്തിന് ആശ്വാസമായി ഒരു കൂട്ടുകെട്ട് പിറന്നത്.

ആറാം വിക്കറ്റിൽ അബ്ദുൽ ബാസിത്തും നിസാറും ചേർന്ന് കേരളത്തെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 101 റൺസിന്റെ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ കെട്ടിപ്പടുത്തു. നിസാർ മത്സരത്തിൽ 44 പന്തുകളിൽ 57 റൺസ് നേടിയപ്പോൾ, അബ്ദുൽ ബാസിത്ത് 42 പന്തുകളിൽ 54 റൺസാണ് നേടിയത്. ഇതോടെ കേരളം നിശ്ചിത 20 ഓവറുകളിൽ 158 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. ആസമിനായി ആകാശ് സെൻഗുപ്ത മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ആസമിന് ഓപ്പണർ ബാറ്റർമാരെ തുടക്കത്തിലെ നഷ്ടമായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ ഗാഡിഗോങ്കർ ക്രീസിൽ പിടിച്ചുനിന്നു. കേരള ബോളർമാർക്ക് മേൽ സമ്മർദ്ദമുണ്ടാക്കാൻ ഗാഡിഗോങ്കർക്ക് സാധിച്ചു.

Read Also -  "ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും". ബ്രയാൻ ലാറ പറയുന്നു.

മത്സരത്തിൽ 50 പന്തുകൾ നേരിട്ട ഗാഡിഗോങ്കർ 75 റൺസാണ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. ഇവർക്കൊപ്പം ശിബ്‌ശങ്ക റായ് 22 പന്തുകളിൽ 42 റൺസ് നേടി ആസാമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ 18 ഓവറുകളിൽ തന്നെ ഈ വിജയലക്ഷം മറികടക്കാൻ ആസാം ടീമിന് സാധിച്ചു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ആസാം സ്വന്തമാക്കിയത്. സഞ്ജുവിന്റെ ടീമിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ദിവസമാണ് കടന്നു പോകുന്നത്.

Scroll to Top