ഒടുവിൽ കാലിടറി കേരളം. ആസാമിനെതിരെ 2 വിക്കറ്റിന്റെ തോൽവി. നിരാശപ്പെടുത്തി സഞ്ജു.

sanju samson and parag 1 e1652724026133

ആസാമിനെതിരായ സൈദ് മുസ്തഖ് അലി ട്രോഫി മത്സരത്തിൽ പരാജയം നേരിട്ട് കേരള ടീം. കേരളത്തിന്റെ ടൂർണമെന്റിലെ ആദ്യ പരാജയമാണ് മത്സരത്തിൽ നേരിട്ടത്. 2 വിക്കറ്റുകൾക്കായിരുന്നു ആസാം കേരളത്തിനുമേൽ വിജയം നേടിയത്. ഒരു ലോ സ്കോറിംഗ് ത്രില്ലർ മത്സരത്തിലാണ് ആസാം കേരളത്തിനെ പരാജയപ്പെടുത്തിയത്. കേരളത്തിന്റെ മുൻനിര ബാറ്റർമാരാരും മികവിനൊത്ത് ഉയരാതിരുന്നതാണ് മത്സരത്തിൽ വിനയായത്. എന്നിരുന്നാലും ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കേരള ടീമിന് സാധിച്ചിട്ടുണ്ട്. ആസാമിനായി നായകൻ റിയാൻ പരഗ് ഒറ്റയാൾ പോരാട്ടം നടത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ആസാം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി വളരെ മോശം തുടക്കമാണ് കേരളത്തിന് ലഭിച്ചത്. കേരളത്തിനായി ഓപ്പണർ രോഹൻ കുന്നുമ്മൽ ഒരു വശത്ത് ക്രീസിലുറച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായി. കേരളത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന വിഷ്ണു വിനോദ്(5) നായകൻ സഞ്ജു സാംസൺ(8) സിജോമോൻ ജോസഫ്(0) തുടങ്ങിയവർ സ്കോർ ബോർഡിൽ ചലനമുണ്ടാക്കാതെ കൂടാരം കയറിയത് ടീമിനെ ബാധിക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ കേരളം പൂർണ്ണമായും തകരുന്നതാണ് കണ്ടത്.

ഒരു സമയത്ത് കേരളം 63ന് 6 എന്ന നിലയിൽ പോലും എത്തുകയുണ്ടായി. എന്നാൽ പിന്നീട് ഏഴാം വിക്കറ്റിൽ അബ്ദുൽ ബാസിതും സച്ചിൻ ബേബിയും ചേർന്ന് കേരളത്തിന് തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് സമ്മാനിക്കുകയായിരുന്നു ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തപ്പോൾ, കേരളം 127 എന്ന ഭേദപ്പെട്ട സ്കോറിലെത്തി. 31 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 46 റൺസ് നേടിയ അബ്ദുൾ ബാസിത്തായിരുന്നു മത്സരത്തിൽ കേരളത്തിന്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ആസമും തുടക്കത്തിൽ പതറുകയുണ്ടായി. സ്കോറിങ് റേറ്റ് ഉയർത്താണ് ശ്രമിക്കുന്നതിനിടെ ആസമിന്റെ മുൻനിര ബാറ്റർമാർ കൂടാരം കയറി.

Read Also -  ടെസ്റ്റ്‌ ക്രിക്കറ്റിനുള്ള പിച്ച് പോലെ തോന്നി. രണ്ടാം ഇന്നിങ്സിൽ പോലും പിച്ച് മെരുങ്ങിയില്ല - രോഹിത് ശർമ

ഇതിനൊപ്പം ജലജ് സക്സേനയും വിനോദ് കുമാറും കൃത്യമായി ലെങ്ത് കണ്ടെത്തിയതോടെ ആസാം പതറി. എന്നിരുന്നാലും ചെറിയ വിജയലക്ഷ്യം ആസമിന് പ്രതീക്ഷകൾ നൽകി. കൃത്യമായ ഇടവേളകളിൽ കേരളം വിക്കറ്റ് വീഴ്ത്താൻ ശ്രമിച്ചപ്പോൾ, മത്സരത്തിൽ പൊരുതാനാണ് ആസാം നായകൻ റിയൻ പരഗ് അടക്കമുള്ളവർ ശ്രമിച്ചത്. ഒരുവശത്ത് കേരളത്തിന് കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചെങ്കിലും മറുവശത്ത് റിയാൻ പരഗ് അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ ഒരു നായകന്റെ ഇന്നിംഗ്സാണ് പരഗ് കളിച്ചത്. മത്സരത്തിൽ പരഗ് 33 പന്തുകളിൽ 57 റൺസുമായി പുറത്താവാതെ നിന്നു. ഇതോടെ മത്സരത്തിൽ ആസാം വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top