2025 ഐപിഎല്ലിലും മികച്ച തുടക്കമല്ല മുംബൈ ഇന്ത്യൻസ് ടീമിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 4 വിക്കറ്റുകളുടെ പരാജയം മുംബൈ ഇന്ത്യൻസിന് ഏറ്റുവാങ്ങേണ്ടിവന്നു. ബാറ്റിങ്ങിലെ മോശം പ്രകടനമാണ് മത്സരത്തിൽ മുംബൈയ്ക്ക് തിരിച്ചടിയായി മാറിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 155 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്കായി രചിൻ രവീന്ദ്രയും ഋതുരാജും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ മുംബൈ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നിരുന്നാലും കേരളത്തിന്റെ യുവ സ്പിന്നർ വിഗ്നേഷ് പുത്തൂർ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. താരത്തിന്റെ മത്സരത്തിലെ പ്രകടനത്തെ പറ്റി മുംബൈ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ തങ്ങൾക്ക് വേണ്ടരീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിക്കാതെ വന്നതാണ് പരാജയത്തിന് കാരണമായി മാറിയത് എന്ന് സൂര്യകുമാർ തുറന്നു പറഞ്ഞു. “തീർച്ചയായും അതുതന്നെയാണ് പരാജയത്തിന് കാരണം. ഞങ്ങൾ ഒരു 15-20 റൺസെങ്കിലും പിറകിലായിരുന്നു. എന്നിരുന്നാലും ഞങ്ങൾക്കാകുന്ന തരത്തിൽ ഞങ്ങളുടെ താരങ്ങൾ മൈതാനത്ത് പോരാടി.”
”ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത് വിഗ്നേഷ് പുത്തൂരാണ്. അവിശ്വസനീയമായ പ്രകടനമായിരുന്നു അവൻ നടത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുംബൈ ഇന്ത്യൻസ് ടീം ഇത്തരത്തിൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നുണ്ട്.”- സൂര്യകുമാർ യാദവ് പറഞ്ഞു.
“താരങ്ങളെ ടീമിനൊപ്പം എത്തിച്ച് 10 മാസത്തോളം പരിശീലനങ്ങൾ നൽകാറുണ്ട്. ഇത്തരത്തിൽ ഉയർന്നു വന്ന ഒരു താരം തന്നെയാണ് വിഗ്നേഷ്. വിഗ്നേഷിന്റെ മത്സരത്തിലെ ഓരോവർ ഞാൻ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. മത്സരം അവസാന ഓവറുകളിലേക്ക് എത്തുകയാണെങ്കിൽ അവനെ ഉപയോഗിക്കാം എന്ന് കരുതി. പക്ഷേ 18ആം ഓവർ അവന് നൽകിയത് ഒരിക്കലും യോജിച്ച കാര്യമായിരുന്നില്ല. മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഒരു പിച്ചാണ് ഇവിടെ ഉണ്ടായിരുന്നത്.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.
“മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് ചെന്നൈ നായകൻ ഋതുരാജ് കാഴ്ചവച്ചത്. ഋതുരാജിന്റെ ബാറ്റിംഗ് മികവാണ് മത്സരം ഞങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് അടുപ്പിച്ചത്. എന്നിരുന്നാലും ഇത് ടൂർണമെന്റിന്റെ തുടക്കമാണ്. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്.”- സൂര്യകുമാർ പറയുകയുണ്ടായി. അതേസമയം മുംബൈ ബോളർമാർ മികച്ച രീതിയിൽ തന്നെ പന്തറിഞ്ഞതായാണ് ചെന്നൈയുടെ സൂപ്പർ താരം രചിൻ രവീന്ദ്ര പറഞ്ഞത്.