നിർണായകമായ 5 വിക്കറ്റുകൾ കൊണ്ട് വംശീയമായി അധിക്ഷേപിച്ചവർക്ക്‌ മറുപടി നൽകി സിറാജ് : അപൂർവ റെക്കോർഡും ഇനി സ്വന്തം

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മാസ്മരിക ബൗളിംഗ്  പ്രകടനം പുറത്തെടുത്ത് മുഹമ്മദ് സിറാജ്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജിന്റെ പ്രകടനത്തിന് മുന്നിൽ ഓസീസ്  രണ്ടാം ഇന്നിംഗ്‌സ്  സ്കോർ 294 റൺസിൽ അവസാനിച്ചു. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് സിറാജ് സ്മിത്തിന്റെ ഉൾപ്പെടെ നിർണായകമായ 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിലും താരം മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു

നാലാം ദിനം  ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് ടീം ഇന്ത്യൻ  ബൗളിംഗ് ആക്രമണത്തിന് മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് ബ്രിസ്ബേനിൽ കാണുവാൻ സാധിച്ചത് .ഓസീസ് ബാറ്റ്‌സ്മാൻമാർ ഓരോരുത്തരായി കൂടാരം കയറി. സ്റ്റീവ് സ്മിത്തിന്(55) മാത്രമാണ് ഓസീസ് നിരയിൽ അർദ്ധസെഞ്ച്വറി നേടാനായത്. ഡേവിഡ് വാർണർ 48 റൺസിന് പുറത്തായി. മാർക്കസ് ഹാരിസ്(38), കാമറൂൺ ഗ്രീൻ(37), പാറ്റ് കമ്മിൻസ്(28), ടിം പെയ്ൻ(27) എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ സ്‌കോർ 300ന് അടുത്ത് എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ശർദ്ദൂൽ ഠാക്കൂർ 4 വിക്കറ്റുകളും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. അരങ്ങേറ്റ താരം നടരാജന് രണ്ടാം ഇന്നിങ്സിൽ വിക്കറ്റുകൾ ഒന്നും ലഭിച്ചില്ല .

ഗാബ്ബയിലെ പേസ് ബൗൺസുമുള്ള വിക്കറ്റിൽ ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യത്തിന്  മറുപടിയായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച  ഇന്ത്യ 1.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 4 റൺസ് എന്ന നിലയിലാണ്. 4 റൺസുമായി രോഹിത് ശർമ്മയും റൺസൊന്നും നേടാതെ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.  മഴ കാരണം നാലാം ദിനം കളി മുടങ്ങി.അവസാന ദിനമായ നാളെ ഇന്ത്യയ്ക്ക് വിജയിക്കാൻ 324 റൺസ് കൂടി വേണം. മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ആതിഥേയരും പൊരുതി നേടാൻ ഇന്ത്യയും ഇറങ്ങുമ്പോൾ അവസാന ദിനം ആവേശകരമാകുമെന്ന് ഏകദേശം  ഉറപ്പാണ്. നിലവിൽ ഇരുടീമുകളും ഓരോ ടെസ്റ്റ് വീതം വിജയിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റിൽ ഇന്ത്യ സമനില പിടിക്കുകയും ചെയ്തിരുന്നു. 

ഈ ടെസ്റ്റ് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം .അവസാന ദിവസവും മഴ പെയ്യുവാനുള്ള സാധ്യതയേറെയാണ് .

Previous articleക്വാർട്ടർ പ്രതീക്ഷകളുമായി വമ്പൻ വിജയം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും : എതിരാളികൾ ഹരിയാന
Next articleബെംഗളൂരു യൂണൈറ്റഡുമായി കൈകോർത്ത് സ്പാനിഷ് വമ്പന്മാരായ സെവില്ല