ക്വാർട്ടർ പ്രതീക്ഷകളുമായി വമ്പൻ വിജയം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും : എതിരാളികൾ ഹരിയാന

മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റ്  ക്രിക്കറ്റില്‍ കേരളം ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമോ എന്ന്  നാളെ അറിയാം. നാളെ ജീവന്മരണ  പോരാട്ടത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളി. ഹരിയാനയ്‌ക്കെതിരെ വമ്പന്‍ ജയം എന്ന ഒറ്റ ലക്ഷ്യവുമായാണ് കേരളം നാളെ കളി കളത്തിലിറങ്ങുന്നത് .

നേരത്തെ  പോണ്ടിച്ചേരിയേയും കരുത്തരായ മുംബൈയെയും ദില്ലിയേയും തോല്‍പിച്ചെങ്കിലും ഇന്നലെ ആന്ധ്രയോട്  ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതാണ് 
ടൂർണമെന്റിൽ കേരളത്തിന്റെ
ഭാവി അനിശ്ചിതത്വത്തിലാക്കിയത്. 

ടൂർണമെന്റ് നിയമം അനുസരിച്ച് അഞ്ച് എലൈറ്റ് ഗ്രൂപ്പിലെയും ഒരു പ്ലേറ്റ് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും എലൈറ്റ് ഗ്രൂപ്പില്‍ ഏറ്റവും മികച്ച റണ്‍നിരക്കുള്ള രണ്ട് രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. പഞ്ചാബ്, തമിഴ്‌നാട്, ബോറഡ, രാജസ്ഥാന്‍, ബിഹാര്‍, എന്നിവരാണ് മറ്റ് ഗ്രൂപ്പുകളില്‍ ഒന്നാംസ്ഥാനത്ത്. 

എന്നാൽ നാല് കളിയും ജയിച്ച് 16 പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്താണ് ഹരിയാന. 0.995ആണ് ഹരിയാനയുടെ റണ്‍നിരക്ക്. 0.617 റണ്‍നിരക്കില്‍ 12 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്തും. ഇതുകൊണ്ടുതന്നെ ഹരിയാനയുടെ റണ്‍നിരക്കിനെ മറികടക്കുന്ന പ്രകടനത്തോടെ ജയിച്ചാലേ കേരളത്തിന് അഹമ്മദാബാദില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുവാൻ  സാധിക്കൂ

ബംഗാള്‍, ഹിമാചല്‍, ഗുജറാത്ത്, സൗരാഷ്ട്ര, എന്നിവര്‍ റണ്‍നിരക്കില്‍ കേരളത്തേക്കാള്‍ വളരെയേറെ  മുന്നിലായതിനാല്‍ കേരള ടീമിന്  ഹരിയാനക്കെതിരെ വലിയൊരു വിജയം നേടാതെ  ഒരു തരത്തിലും  രക്ഷയില്ല. മുംബൈയെയും ഡല്‍ഹിയേയും ബാറ്റിംഗ് മികവിൽ   തോല്‍പിച്ച വാംഖഡേ സ്റ്റേഡിയത്തിലാണ് ഹരിയാനക്കെതിരായ കേരളത്തിന്റെ പോരാട്ടവും. ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് മത്സരം ആരംഭിക്കുന്നത് .

നായകൻ സഞ്ജു സാംസന്റെ മോശം ബാറ്റിംഗ് ഫോമാണ്  കേരള ടീമിന്റെ ആശങ്ക .നിർണായക മത്സരത്തിൽ നായകനിൽ നിന്ന് മികച്ചൊരു ഇന്നിംഗ്സ് ടീം മാനേജ്‌മെന്റ്റ് പ്രതീക്ഷിക്കുന്നു .
ശ്രീശാന്ത് അടക്കമുള്ള  ബൗളിംഗ് നിരയിലും വിശ്വാസം ഏറെയാണ് .