അഡ്ലൈഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനും പിഴ ചുമത്തി ഐസിസി. മത്സരത്തിലെ ഫീസിന്റെ 20% ആണ് മുഹമ്മദ് സിറാജിന് പിഴയായി ബിസിസിഐ നൽകിയിരിക്കുന്നത്.
ഒരു ബാറ്റർ പുറത്തായതിന് ശേഷം മോശം ആംഗ്യങ്ങൾ, മോശം ഭാഷ എന്നിവ ഉപയോഗിക്കുകയും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള മനോഭാവം പുറത്തെടുക്കുകയും ചെയ്തു എന്ന പേരിലാണ് സിറാജിന് പിഴ നൽകിയിരിക്കുന്നത്. അതേസമയം ഒരു താരത്തെ ചീത്ത പറയുക, അതിനെ സാധൂകരിക്കുക തുടങ്ങിയ കാരണങ്ങൾക്കാണ് ട്രാവിസ് ഹെഡിന് പിഴ നൽകിയിരിക്കുന്നത്. പിഴ മാത്രമല്ല ഇരുതാരങ്ങൾക്കും ഓരോ ഡിമെറീറ്റ് പോയിന്റും ഇതോടെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മാസങ്ങൾക്കിടയുള്ള ഈ താരങ്ങളുടെ ആദ്യ പിഴവാണ് ഇത്.
രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് പുറത്തായ സമയത്ത് മുഹമ്മദ് സിറാജ് കാട്ടിയ ആക്രമണ മനോഭാവത്തിനാണ് ഈ പിഴ നൽകിയിരിക്കുന്നത്. മുൻപ് പലതാരങ്ങളും ഇത്തരത്തിൽ സിറാജിന് പിഴ നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്കാണ് മുഹമ്മദ് സിറാജിന് പിഴ നൽകണമെന്ന് ആവർത്തിച്ചു പറഞ്ഞത്. മറ്റു പല താരങ്ങളും രംഗത്തെത്തിയതിന് ശേഷമാണ് ഇപ്പോൾ ഐസിസി സിറാജിനും ട്രാവിസ് ഹെഡിനും അനിവാര്യമായ ശിക്ഷകൾ നൽകിയിരിക്കുന്നത്.
മത്സരത്തിൽ ഹെഡിനെ ക്ലീൻ ബോൾഡ് ആക്കിയതിന് ശേഷം മുഹമ്മദ് സിറാജ് ആഘോഷത്തിൽ ഏർപ്പെടുകയുണ്ടായി. ഈ സമയത്ത് ഹെഡ് സിറാജിനോട് എന്തോ പറയുകയും സിറാജ് ദേഷ്യപ്പെടുകയുമാണ് ഉണ്ടായത്. “താങ്കൾ വളരെ നന്നായി പന്തറിഞ്ഞു” എന്നാണ് താൻ സിറാജിനോട് പറഞ്ഞത് എന്നാണ് മത്സര ശേഷം ഹെഡ് കൂട്ടിച്ചേർത്തത്. എന്നാൽ ഹെഡ് അത്തരത്തിലല്ല മത്സരത്തിൽ പറഞ്ഞത് എന്നായിരുന്നു സിറാജിന്റെ വാദം. തനിക്ക് ഓരോ താരങ്ങളെയും ബഹുമാനിക്കാൻ അറിയാമെന്നും, ആ സമയത്ത് ഹെഡ് പറഞ്ഞത് ചീത്തയായിരുന്നു എന്നും സിറാജ് മത്സരശേഷം പറയുകയുണ്ടായി.
എന്തായാലും മൈതാനത്തെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഇരു താരങ്ങൾക്കും കൃത്യമായ പിഴ നൽകിയിരിക്കുകയാണ് ഐസിസി. വരും ടെസ്റ്റ് മത്സരങ്ങളിലും ഇത്തരത്തിൽ താരങ്ങളുടെ പെരുമാറ്റം ഐസിസി കൃത്യമായി നിരീക്ഷിക്കും എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിട്ടുണ്ട്. ഇരു ടീമുകളും അങ്ങേയറ്റം ആവേശത്തിലാണ് ഇത്തവണത്തെയും ബോർഡർ- ഗവാസ്കർ ട്രോഫിയിൽ അണിനിരക്കുന്നത്. നിലവിൽ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. ബ്രിസ്ബെയ്നിലാണ് ഇരു രാജ്യങ്ങളും തമ്മിൽ മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.