കഴിഞ്ഞ കുറച്ച് ടെസ്റ്റ് മത്സരങ്ങളായി നായകൻ രോഹിത് ശർമയ്ക്കൊപ്പം ശുഭമാൻ ഗില്ലായിരുന്നു ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ശുഭമാൻ ഗിൽ ഇന്ത്യയുടെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇതോടുകൂടി യുവതാരം ജയിസ്വാൾ ഇന്ത്യയ്ക്കായി ഓപ്പണിങ്ങിൽ അരങ്ങേറുമെന്നും രോഹിത് സ്ഥിരീകരിക്കുകയുണ്ടായി. മുൻപ് രാഹുൽ ദ്രാവിഡിനോട് ശുഭമാൻ ഗിൽ തനിക്ക് മൂന്നാം നമ്പരിൽ കളിക്കണമെന്ന കാര്യം സംസാരിച്ചതായും വാർത്ത സമ്മേളനത്തിൽ രോഹിത് ശർമ പറയുകയുണ്ടായി.
ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ബാറ്റിംഗ് പൊസിഷൻ തന്നെയാണ് മൂന്നാം സ്ഥാനം. മുൻപ് ചേതേശ്വർ പൂജാരയായിരുന്നു ഇന്ത്യയ്ക്കായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്നത്. എന്നാൽ പൂജാരയെ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യ ഒഴിവാക്കി. ശേഷമാണ് ഇപ്പോൾ തനിക്ക് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം എന്ന് ആവശ്യം ഗിൽ പങ്കുവെച്ചിരിക്കുന്നത്. “ബാറ്റിംഗ് പൊസിഷനുകളെ സംബന്ധിച്ചു പറയുകയാണെങ്കിൽ, ശുഭമാൻ ഗിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. കാരണം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന ആഗ്രഹം ഗിൽ പ്രകടിപ്പിച്ചു കഴിഞ്ഞു. ഗിൽ രാഹുൽ ദ്രാവിഡുമായി ഇക്കാര്യം സംസാരിക്കുകയുണ്ടായി. തനിക്ക് കളിക്കാൻ ഏറ്റവും ഉത്തമം മൂന്നാം നമ്പർ ആയിരിക്കുമെന്നും, ആസ്ഥാനത്ത് ഇറക്കുകയാണെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായിരിക്കുമെന്നും ദ്രാവിഡിനോട് ഗിൽ പറഞ്ഞിരുന്നു.”- രോഹിത് ശർമ പറയുന്നു.
“എന്തായാലും ഇത്തരമൊരു അഭിപ്രായം ഗിൽ പ്രകടിപ്പിച്ചത് നല്ല കാര്യമാണ്. കാരണം ഇത് ഞങ്ങൾക്ക് ഓപ്പണിങ്ങിൽ ഒരു ഇടത്-വലത് കോമ്പിനേഷൻ നൽകുന്നുണ്ട്. ഒരു ഇടംകയ്യൻ ബാറ്റർ ഇന്ത്യക്കായി ഓപ്പൺ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അങ്ങനെയുള്ള ഒരാളെ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുകയാണ്. ജയസ്വാൾ. അവൻ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഒന്നാം നമ്പറിൽ സ്ഥിരസാന്നിധ്യമായി മാറുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- രോഹിത് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി.
വലിയ പ്രതീക്ഷകളോടെ തന്നെയാണ് ഇന്ത്യ വെസ്റ്റിൻഡീസിതിരായ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുന്നത്. പ്രധാനമായും യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മൈതാനത്തിറങ്ങുക. ഇന്ന് വൈകിട്ട് 7.30ന് ഡൊമിനിക്കയിലാണ് വിൻഡിസിനെതീരായ ആദ്യ ടെസ്റ്റ് മത്സരം നടക്കുക. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ വിൻഡീസിൽ കളിക്കുന്നത്. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളും ഇന്ത്യ വീൻഡിസിൽ കളിക്കുന്നുണ്ട്.