2022 ഐപിഎല്‍ സീസണിനു മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയിരുന്നു. ആന്ദ്രേ റസ്സല്‍, വെങ്കടേഷ് അയ്യര്‍, സുനില്‍ നരൈന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയത്. ഇന്ത്യയുടെ ഭാവി താരം എന്ന് കരുതപ്പെടുന്ന ഗില്ലിനെ നിലനിര്‍ത്തുമെന്ന് കരുതിയെങ്കിലും കെകെആറിന്‍റെ പദ്ധതികള്‍ വേറെയായിരുന്നു.
ഇപ്പോഴിതാ അടുത്ത സീസണില്‍ ഏത് ടീമിനു വേണ്ടി കളിക്കണം എന്ന് പറയുകയാണ് യുവ ഇന്ത്യന്‍ ഓപ്പണര്‍. കൊല്‍ക്കത്താ ടീമില്‍ തന്നെ കളിക്കാനാണ് ആഗ്രഹം എന്നാണ് യുവതാരം പറയുന്നത്. കെകെആറിനൊപ്പം സാധിക്കുന്നത്രെ കളിക്കണം. വ്യക്തിപരമായി വളരെ ചേര്‍ന്നുനില്‍ക്കുന്ന ടീമാണ് കെകെആറെന്നും ഒരിക്കല്‍ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമായാല്‍ എന്നും അവരോടൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഗില്‍ പറഞ്ഞു.
18ാം വയസ്സില്‍ 1.8 കോടി രൂപക്കാണ് ഗില്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. 13 മത്സരത്തില്‍ 203 റണ്‍സാണ് അരങ്ങേറ്റ സീസണില്‍ നേടിയത്. ഇക്കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 478 റണ്‍സ് നേടി. പക്ഷേ സ്ട്രൈക്ക് റേറ്റ് 118 ആയിരുന്നു. ഇതു കാരണമാകാം കൊല്‍ക്കത്താ ഗില്ലിനെ ഒഴിവാക്കിയത്.
കെകെആറിലെ സൗഹൃദങ്ങളെക്കുറിച്ചും ഗില്‍ പറഞ്ഞു. ‘കെകെആറിലെ സൗഹൃദങ്ങളെല്ലാം വളരെ വലുതായിരുന്നു. യുവതാരങ്ങള്‍ക്ക് വളരെ പരിഗണനയും കാഴ്ചപ്പാടും നല്‍കുന്ന ടീമാണ് കെകെആര്‍. മികച്ചൊരു ക്രിക്കറ്റ് താരമാകാനുള്ള കരുതലാണ് ടീം നല്‍കുന്നത്’-ഗില്‍ പറഞ്ഞു.