“ശ്രേയസ് നന്നായി കളിച്ചു, പക്ഷേ ആ കാര്യത്തിൽ ഞാൻ സന്തോഷവാനല്ല”- വെങ്‌സാർക്കർ പറയുന്നു.

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ചരിത്രം സൃഷ്ടിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ ഉടനീളം പരാജയമറിയാതെയാണ് ഇന്ത്യ 12 വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെ ലീഗ് ഘട്ടത്തിൽ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കുതിപ്പ് ആരംഭിച്ചത്.

ശേഷം സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ചത് ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ്. ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് 243 റൺസാണ് അയ്യർ നേടിയത്. 48.60 എന്ന ശരാശരിയിൽ ആയിരുന്നു അയ്യരുടെ ഈ പ്രകടനം. ശേഷം അയ്യരെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ദിലീപ് വെങ്‌സാർക്കർ.

ന്യൂസിലാൻഡിനെതിരായ ഫൈനൽ മത്സരത്തിൽ 48 റൺസിന്റെ ഇന്നിങ്സാണ് അയ്യർ കളിച്ചത്. രോഹിത് ശർമയെയും ശുഭ്മാൻ ഗില്ലിനെയും വിരാട് കോഹ്ലിയെയും ചെറിയ ഇടവേളയിൽ നഷ്ടമായ സാഹചര്യത്തിൽ ഇന്ത്യ സമ്മർദ്ദത്തിലായിരുന്നു. ഈ സമയത്താണ് അയ്യർ ക്രീസിലെത്തി മികവ് പുലർത്തിയത്. എന്നാൽ മത്സരത്തിൽ ഇന്ത്യക്കായി മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ താരത്തിന് സാധിച്ചില്ല. ഇതിന്റെ പേരിൽ അയ്യരെ വിമർശിച്ചുകൊണ്ടാണ് വെങ്‌സാർക്കർ സംസാരിച്ചത്. മത്സരത്തിൽ അയ്യർ പുറത്തായ രീതി തന്നെ ചൊടിപ്പിച്ചു എന്ന് മുൻ ഇന്ത്യൻ താരം പറയുകയുണ്ടായി.

“മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് അയ്യർ കാഴ്ചവച്ചത്. പക്ഷേ അവൻ ഫൈനൽ മത്സരത്തിൽ പുറത്തായ രീതി എനിക്ക് വലിയ സന്തോഷം നൽകുന്നത് ആയിരുന്നില്ല. മത്സരത്തിന്റെ അവസാനം വരെ അയ്യർ ക്രീസിൽ തുടരണമായിരുന്നു. അവനായിരുന്നു മത്സരം ഫിനിഷ് ചെയ്യേണ്ടത്. എന്നാൽ അവന്റെ കഴിവുകളെ അവൻ തിരിച്ചറിഞ്ഞതിൽ എനിക്ക് വലിയ സന്തോഷവുമുണ്ട്.”- വെങ്‌സാർക്കർ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

“അയ്യർ മാത്രമല്ല, കെഎൽ രാഹുലും വളരെ നിർണായകമായ പ്രകടനങ്ങളാണ് ആറാം നമ്പരിൽ ഈ ചാമ്പ്യൻസ് ട്രോഫിയിൽ കാഴ്ചവച്ചത്. എന്നിരുന്നാലും രാഹുലിന് മുകളിൽ അഞ്ചാം നമ്പറിൽ അക്ഷർ പട്ടേലിനെ ഇറക്കാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനം എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഒരുപക്ഷേ ഇടംകൈ- വലംകൈ കോമ്പിനേഷൻ ലഭിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി മാത്രമാവാം ഇത്തരമൊരു നീക്കത്തിന് ഇന്ത്യ തയ്യാറായത്.”- വെങ്‌സാർക്കർ കൂട്ടിച്ചേർത്തു. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2002, 2013 വർഷങ്ങളിലായിരുന്നു ഇതിന് മുൻപ് ഇന്ത്യ കിരീടം നേടിയത്.

Previous articleഅക്ഷർ പട്ടേൽ ഡൽഹി ക്യാപിറ്റൽസ് നായകന്‍. രാഹുലിനെ ഒഴിവാക്കിയത് അവസാനഘട്ട തീരുമാനം