അഹമ്മദാബാദ് ടെസ്റ്റിനിടെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ ബാറ്റർ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കിന് ശേഷം തിരിച്ചു ടീമിലെത്തിയ അയ്യർക്ക് മത്സരത്തിനിടെ വീണ്ടും നടുവേദന ഉണ്ടാവുകയായിരുന്നു. ഇതിന്റെ ഫലമായി വ്യത്യസ്തമായ സ്കാനുകൾക്കായി അയ്യരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അതിനാൽതന്നെ അയ്യർ മത്സരത്തിൽ ബാറ്റിംഗിനിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സാധാരണയായി ഇന്ത്യൻ ടീമിൽ നാലാമനായിയാണ് അയ്യർ ഇറങ്ങാറുള്ളത്. എന്നാൽ 4ആം ടെസ്റ്റിൽ പൂജാര പുറത്തായതിനു ശേഷം അയ്യർ ക്രീസിൽ എത്തിയിരുന്നില്ല. ശേഷം നാലാം ദിവസം ജഡേജ പുറത്തായ ശേഷം കെ എസ് ഭരതാണ് ഇറങ്ങിയത്. ഇതോടെയാണ് ശ്രേയസ് അയ്യരുടെ പരിക്കിനെ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവന്നത്. ശേഷം ബിസിസിഐ അയ്യരുടെ സാഹചര്യത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടുകയുണ്ടായി. നിലവിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ് അയ്യർ.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 480 റൺസിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ആദ്യ ഇന്നിങ്സിൽ ശുഭമാൻ ഗില്ലിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ കുതിക്കുകയായിരുന്നു. മത്സരത്തിൽ 128 റൺസ് ഗിൽ നേടുകയുണ്ടായി. ഒപ്പം കുറച്ചധികം കാലങ്ങൾക്ക് ശേഷം വിരാട് കോഹ്ലിയും മത്സരത്തിൽ ഫോമിലേക്ക് എത്തിയിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു വമ്പൻ ലീഡ് കണ്ടെത്താൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം. 200 റൺസിന് മുകളിൽ ലീഡ് കണ്ടെത്തി ഓസ്ട്രേലിയയെ അഞ്ചാം ദിവസം സമ്മർദ്ദത്തിലാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിൽ ജയിക്കാൻ സാധിക്കൂ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സാധ്യതകൾ ഒരുവശത്ത് നിൽക്കുന്നതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ മത്സരത്തിൽ ലക്ഷ്യം വയ്ക്കുന്നില്ല.