ശ്രേയസ്സ് അയ്യര്‍ ഇംഗ്ലീഷ് ക്ലബിലേക്ക്. റോയല്‍ ലണ്ടന്‍ കപ്പില്‍ ഭാഗമാകും.

Shreyas Iyer

ഇന്ത്യന്‍ മിഡില്‍ ഓഡര്‍ ബാറ്റസ്മാന്‍ ശ്രേയസ്സ് അയ്യറെ ടീമിലെത്തിച്ച് ലങ്കാഷയര്‍. റോയല്‍ ലണ്ടന്‍ കപ്പിനു വേണ്ടിയാണ് ഇന്ത്യന്‍ താരത്തെ സ്വന്തമാക്കിയത്. ജൂലൈ 15 മുതല്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ടീമിന്‍റെ ഭാഗമാകും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അടുത്ത ക്യാപ്റ്റനാകാന്‍ യോഗ്യതയുള്ള താരമാണ് ശ്രേയസ്സ് അയ്യര്‍. ഐപിഎല്ലില്‍ ഡല്‍ഹി ടീമിനെ നയിച്ച താരം 519 റണ്‍ നേടുകയും, ടീമിനെ ഫൈനലില്‍ എത്തുകയും ചെയ്തു. ഇന്ത്യക്കായി 21 ഏകദിനങ്ങളില്‍ നിന്നും 807 റണ്‍സ് നേടി.

ലങ്കാഷയര്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഐതിഹാസികമായ ഒരു ക്ലബ് ആണെന്നും ഇന്ത്യന്‍ ക്രിക്കറ്റുമായി ചരിത്രപരമായ ബന്ധമുള്ള ക്ലബിന് വേണ്ടി കളിക്കുവാനായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി. 1968 ല്‍ ഫാറൂഖ് എഞ്ചിനീയറെ ടീമിലെത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്‍റെ ഭാഗമായി ഈ ഇംഗ്ലീഷ് ക്ലബ്. നിലവില്‍ ക്ലബിന്‍റെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ഫാറൂഖ് എഞ്ചിനീയര്‍.

വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ദിനേശ് മോംഗിയ, മുരളി കാര്‍ത്തിക് എന്നിവരും ക്ലബിന്‍റെ ജേഴ്സിയണിഞ്ഞട്ടുണ്ട്. ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ അടുത്ത തലമുറയിലെ മുന്‍നിര ബാറ്റ്സ്മാനാണെന്നും അദ്ദേഹത്തെ സ്വന്തമാക്കുവാനായതില്‍ സന്തോഷമുണ്ടെന്നുമാണ് ക്ലബിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ അലോട്ട് പറഞ്ഞത്.

Previous articleഐപിഎല്ലിൽ ഓപ്പണറായി ഞാൻ ഉണ്ടാകും : ഏകദിനത്തിലും ഭാവിയിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യും -നയം വ്യക്തമാക്കി വിരാട് കോഹ്ലി
Next articleഅവൻ ആദ്യ ഏകദിനം കളിക്കുമോ :ആശങ്ക പ്രകടിപ്പിച്ച്‌ ലക്ഷ്മൺ