റൂട്ട് പോലും 5 വിക്കറ്റ് എടുത്ത പിച്ചിൽ അശ്വിനെയും അക്ഷറിനെയും എന്തിന് അഭിനന്ദിക്കണം : വിമർശനവുമായി മുൻ പാക് നായകൻ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ ജോ റൂട്ടിനെപ്പോലൊരു പാര്‍ട്ട് ടൈം സ്പിന്നര്‍ പോലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന അഹമ്മദാബാദിലെ  മൊട്ടേറ പിച്ചില്‍ തിളങ്ങിയതിന് ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനെയും അക്സര്‍ പട്ടേലിനെയും അഭിനന്ദിക്കേണ്ട കാര്യമില്ലെന്ന് രൂക്ഷ വിമർശനവുമായി  മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് രംഗത്ത് .

അഹമ്മദാബാദിലേതുപോലുള്ള സ്പിന്‍ പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിക്ക് നല്ലതല്ലെന്നും ഇന്‍സമാം തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ഇത്തരം വിക്കറ്റുകൾ ടെസ്റ്റിന്റെ ഭാവി കൂടുതൽ  നശിപ്പിക്കും എന്നാണ് മുൻ പാക് നായകന്റെ പക്ഷം.

“അഹമ്മദാബാദിലെ  ടെസ്റ്റിൽ രണ്ട്  ടീമിൻെറയും  സ്കോര്‍ ബോർഡ്‌ പരിശോധിച്ചാൽ വ്യക്തമാകുന്നത്  ഒരു ടി20 മത്സരത്തിന്‍റെ സ്കോര്‍ കാർഡിനെ  പോലും ഇത്  നാണിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം പിച്ചുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍ ഇനിയും  നടത്തുന്നതിനെതിരെ ഐസിസി നടപടിയെടുക്കണം. രണ്ട് ദിവസം പോലും നീണ്ടും നില്‍ക്കാത്തത് എന്തു തരം ടെസ്റ്റ് പിച്ചാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല ” ഇൻസമാം നിലപാട് കടുപ്പിച്ചു .

ഇന്ത്യ സമീപകാലത്ത് വളരെ മികച്ച രീതിയിലാണ്  കളിക്കുന്നത്. നേരത്തെ  ഓസ്ട്രേലിയയില്‍ പരമ്പര നേടി  അത് നമ്മളെല്ലാം കണ്ടതാണ്. പക്ഷെ അഹമ്മദാബാദിലേത് പോലെ രണ്ട് ദിവസത്തിനുള്ളില്‍ ടെസ്റ്റ് അവസാനിച്ചത് അടുത്ത കാലത്തൊന്നും എന്‍റെ ഓര്‍മയിലില്ല. ഇന്ത്യക്കാരുടെ മികവാണോ അതോ പിച്ചിന്‍റെ സഹായമാണോ എന്നത് സംശയമാണ് ഇൻസമാം  തന്റെ വീഡിയോയിൽ ചോദ്യം ഉന്നയിച്ചു .

നേരത്തെ മൊട്ടേറ ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സിലെ 5  വിക്കറ്റുകൾ  നായകൻ ജോ റൂട്ട് വീഴ്ത്തിയിരുന്നു .
താരത്തിന്റെ കരിയറിലെ ആദ്യ 5 വിക്കറ്റ് പ്രകടനമാണ് അഹമ്മദാബാദിൽ പിറന്നത് .

Previous articleഒരു ഓവറില്‍ 6 സിക്സുമായി പൊള്ളാര്‍ഡ്. ഹാട്രിക്ക് നേടിയ ബോളറെ അടിച്ചോടിച്ചു.
Next articleഐസിസി ടി:20 റാങ്കിങ്‌സ് : രണ്ടാം സ്ഥാനം നഷ്ടപ്പെടുത്താതെ രാഹുൽ -വീണ്ടും റാങ്കിങ്ങിൽ മുന്നേറി കിംഗ് കോഹ്ലി