പാണ്ഡ്യയോ ദുബെയോ? ലോകകപ്പിൽ ഇന്ത്യയ്ക്കായി ആര് കളിക്കണം? ഉത്തരം നൽകി മുൻ താരങ്ങൾ.

42b712fb 7a62 4fa4 9de3 702e720d53e2

ലോകകപ്പിനായുള്ള ഇന്ത്യൻ ടീം സെലക്ഷൻ ആരംഭിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെ 3 ട്വന്റി20 മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരങ്ങളെ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കാനാണ് ഇന്ത്യൻ സെലക്ടർമാരുടെ തീരുമാനം. അഫ്ഗാനിസ്ഥാനെതിരെ 2 മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരമാണ് ശിവം ദുബെ.

അതിനാൽ തന്നെ ഹർദിക് പാണ്ഡ്യക്ക് പകരക്കാരനായി ശിവം ദുബെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം പിടിക്കുമോ എന്ന സംശയവും നിലനിൽക്കുന്നു. എന്നാൽ ഹർദിക് പാണ്ഡ്യ ലോകകപ്പ് സമയത്ത് ഫിറ്റ്നസ് വീണ്ടെടുത്താലും ഇന്ത്യ ശിവം ദുബെയെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മത്സരങ്ങളിലെ ശിവം ദുബെയുടെ പ്രകടനങ്ങൾ കണക്കിലെടുത്താണ് റെയ്നയുടെ ഈ അഭിപ്രായ പ്രകടനം. “തീർച്ചയായും ഹർദിക് പാണ്ഡ്യ ഫിറ്റ് ആണെങ്കിലും, ശിവം ദുബെ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. നിലവിൽ രോഹിത് ശർമ വളരെ നന്നായി തന്നെ ശിവം ദുബെയെ ഉപയോഗിക്കുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലെ ശിവം ദുബയുടെ ഫോമും വളരെ നിർണായകമാണ്.”

“ഒരു നായകൻ എന്ന നിലയ്ക്കും സെലക്ടർ എന്ന നിലക്കും ചിന്തിച്ചാൽ, നമുക്കാവശ്യം വളരെ നല്ല ഫോമിലുള്ള കളിക്കാരെയാണ്. ഐപിഎല്ലിന്റെ രണ്ടു മാസങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന കളിക്കാരെ വേണം നമ്മൾ തിരഞ്ഞെടുക്കാൻ. ഐപിഎൽ നടക്കുന്നത് വ്യത്യസ്ത വേദികളിലാണ്.”- റെയ്ന പറയുന്നു.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

ഇതേ അഭിപ്രായം തന്നെയാണ് മുൻ ഇന്ത്യൻ താരം രോഹൻ ഗവാസ്കറും പങ്കുവയ്ക്കുന്നത്. “നമ്മൾ ഇപ്പോൾ ശിവം ദുബയെപ്പറ്റിയും ഹർദിക് പാണ്ഡ്യയെ പറ്റിയും സംസാരിക്കുന്നുണ്ട്. ഹർദിക്ക് ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ ഇന്ത്യ എന്ത് ചെയ്യും എന്നതായിരുന്നു ചോദ്യം. എന്നാൽ ഹർദിക് ഫിറ്റ്നസ് വീണ്ടെടുത്താലും ശിവം ദുബയെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം.

ഇത്തരത്തിലുള്ള മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്ന ഒരു താരത്തെ നമുക്ക് അങ്ങനെ ഒഴിവാക്കാൻ സാധിക്കില്ല. സെലക്ടർമാരെ സംബന്ധിച്ച് ഇത് വളരെ പ്രയാസമേറിയ ഒരു തീരുമാനമായിരിക്കും. തന്നെ കൊണ്ടാവും വീതം എല്ലാ കാര്യങ്ങളും ദുബെ ഇപ്പോൾ ചെയ്യുന്നുണ്ട്.”- ഗവാസ്കർ പറയുന്നു.

“ഈ രണ്ടു മത്സരങ്ങൾക്ക് ശേഷം ദുബെ ഒരു അന്താരാഷ്ട്ര ലെവലിലെത്തിയ പ്രതീതിയാണ് എനിക്കുള്ളത്. രണ്ടു മത്സരങ്ങൾക്കും ശേഷം വളരെ വലിയ പ്രശംസകളും ബഹുമാനവും തന്റെ ടീം അംഗങ്ങളിൽ നിന്ന് പോലും ദുബെയ്ക്ക് ലഭിക്കുകയുണ്ടായി. കാരണം അത്രമാത്രം മനോഹരമായ പ്രകടനങ്ങളായിരുന്നു രണ്ടു മത്സരങ്ങളിലും ദുബെ കാഴ്ചവച്ചത്.

അദ്ദേഹം തന്റേതായ ഗെയിമിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നതായി രണ്ടു മത്സരങ്ങളിലും കാണാൻ സാധിച്ചു. താൻ ഏത് ഗെയിം കളിക്കണം എന്ന് കൃത്യമായ ബോധ്യം ദുബേയ്ക്കുണ്ട്. ആരെയും പകർത്താൻ ദുബെ ശ്രമിക്കാറില്ല.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

Scroll to Top