2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബ് കിങ്സിന് വമ്പൻ തിരിച്ചടി. തങ്ങളുടെ സ്റ്റാർ ബാറ്ററായ ജോണി ബെയർസ്റ്റോ ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കാലിന് പരിക്കേറ്റ ബെയർസ്റ്റോ കുറച്ചധികം കാലമായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഐപിഎല്ലിലൂടെ ബെയർസ്റ്റോ തന്റെ ക്രിക്കറ്റിലേക്ക് തിരികെയെത്തും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഐപിഎൽ കളിക്കാനുള്ള എൻഒസി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ബെയർസ്റ്റോയ്ക്ക് നൽകാതെ വരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബെയർസ്റ്റോയ്ക്ക് കാലിന് പരിക്കേറ്റത്. ശേഷം വളരെയധികം കാലം ബെയർസ്റ്റോ വിശ്രമത്തിലായിരുന്നു. പരിക്ക് പൂർണ്ണമായും ഭേദമാകാത്ത സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ബെയർസ്റ്റോയ്ക്ക് ഐപിഎൽ കളിക്കുന്നതിനുള്ള എൻഒസി നൽകാതിരുന്നത്. മുൻപ് 2022ലെ ട്വന്റി20 ലോകകപ്പിലും, പാക്കിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും നടന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടൂറിലും ബെയർസ്റ്റോ പങ്കെടുത്തിരുന്നില്ല. ബെയർസ്റ്റോയ്ക്ക് പകരക്കാരനായി ഓസ്ട്രേലിയയുടെ യുവതാരം മാത്യു ഷോർട്ടാണ് പഞ്ചാബ് ടീമിലേക്ക് എത്തുന്നത്.
സമീപകാലത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ വമ്പൻ വിപ്ലവം സൃഷ്ടിച്ചുള്ള ക്രിക്കറ്ററാണ് മാത്യു ഷോർട്ട്. ഒരു മുൻനിര ബാറ്ററായ ഷോർട്ട് സ്പിന്നർ എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ഇത്തവണത്തെ ബിഗ് ബാഷ് ലീഗിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി മാത്യു ഷോർട്ട് മാറിയിരുന്നു. സീസണിൽ 144.47 എന്ന വലിയ സ്ട്രൈക്ക് റേറ്റുള്ള ഷോർട്ട് 458 റൺസായിരുന്നു നേടിയത്. ടൂർണമെന്റിൽ ഒരു തകർപ്പൻ സെഞ്ചുറിയും ഷോർട്ട് നേടുകയുണ്ടായി.
ബോളിങ്ങിലും ബിഗ് ബാഷ് ലീഗിൽ ഷോർട്ട് തിളങ്ങിയിരുന്നു. 7.13 എക്കണോമിയിൽ 11 വിക്കറ്റുകളാണ് ഷോർട്ട് ബിഗ് ബാഷ് സീസണിൽ നേടിയത്. ഈ റെക്കോർഡുകളൊക്കെയും പറയുന്നത് മാത്യു ഷോർട്ട് എന്ന കളിക്കാരന്റെ പ്രതീക്ഷകൾ തന്നെയാണ്. എന്തായാലും പഞ്ചാബ് കിങ്സിനേറ്റ വലിയ ഒരു തിരിച്ചടിക്ക് പരിഹാരം തന്നെയാണ് മാത്യു ഷോർട്ടിന്റെ ടീമിലേക്കുള്ള വരവ്. മാർച്ച് 31നാണ് ഐപിഎല്ലിന്റെ പതിനാറാം എഡിഷൻ ആരംഭിക്കുന്നത്.