ടി20 ക്രിക്കറ്റില്‍ 1000 ഫോറുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി പഞ്ചാബ് കിംഗ്സ് താരം ശിഖാര്‍ ധവാന്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് ശിഖാര്‍ ധവാന്‍ ഈ നാഴികകല്ല് പൂര്‍ത്തിയാക്കിയത്. 307ാം ടി20 മത്സരത്തിലാണ് ശിഖാര്‍ ധവാന്‍റെ ഈ നേട്ടം.
ലോക്കീ ഫെര്‍ഗൂസനെ അതിര്‍ത്തി കടത്തിയാണ് ശിഖാര്‍ ധവാന്‍ റെക്കോഡ് നേടിയത്. മത്സരത്തില്‍ 30 പന്തില്‍ 4 ഫോറുകള്‍ സഹിതം 35 റണ്‍സാണ് നേടിയത്.
വിന്‍ഡീസ് താരം ക്രിസ് ഗെയ്ലാണ് ഫോറടിയില്‍ മുന്നില്‍. 1132 ഫോറാണ് താരം നേടിയിരിക്കുന്നത്. അലക്സ് ഹെയ്ല്‍സ് – 1054, ഡേവിഡ് വാര്‍ണര്‍ – 1005, ആരോണ്‍ ഫിഞ്ച് – 1004 എന്നിവരാണ് ആദ്യം ഈ നേട്ടം കൈവരിച്ച താരങ്ങള്‍. വീരാട് കോഹ്ലി (917) രോഹിത് ശര്‍മ്മ (875) സുരേഷ് റെയ്ന (779) എന്നിവരാണ് ധവാന് പിന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാമതാണ് ശിഖാര്‍ ധവാന്‍. 195 മത്സരങ്ങളില്‍ നിന്നായി 5876 റണ്‍സാണ് താരം നേടിയട്ടുള്ളത്. 664 ഫോറും 127 സിക്സും ധവാന്‍റെ ബാറ്റില്‍ നിന്നും പിറന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ നേടിയ താരവും ശിഖാര്‍ ധവാനാണ്.