രാഹുലിനെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് പണിയായി. പരാജയകാരണങ്ങൾ ശാസ്ത്രി പറയുന്നു.

ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ടെസ്റ്റിൽ നേരിട്ട പരാജയം ഇന്ത്യയെ വലിയ രീതിയിൽ നിരാശരാക്കിയിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ഉഗ്രൻ പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യൻ ടീം മൂന്നാം ടെസ്റ്റിൽ പൂർണമായും മുട്ടുമടക്കുകയാണ് ഉണ്ടായത്. മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യ വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയാണ്. ആദ്യ രണ്ട് ടെസ്റ്റുകളിലെയും വിജയം ഇന്ത്യൻ താരങ്ങളിൽ അമിതമായ ആത്മാവിശ്വാസം ഉണ്ടാക്കിയതായും, അത് മൂന്നാം ടെസ്റ്റിൽ അവരെ ബാധിച്ചതായും ശാസ്ത്രി പറയുന്നു.

“ആദ്യ രണ്ടു മത്സരങ്ങളിലൂടെ ലഭിച്ച അമിതമായ ആത്മസംതൃപ്തിയും ആത്മവിശ്വാസവുമാണ് ഇവിടെ ഇന്ത്യയെ പിന്നോട്ടടിച്ചത്. ആദ്യ ഇന്നിംഗ്സിൽ കളിച്ച ഷോട്ടുകളിൽ നിന്ന് അത് വ്യക്തമാണ്. പല ഷോട്ടുകളും അമിതമായ ആത്മവിശ്വാസം കൊണ്ട് ഓസ്ട്രേലിയക്ക് മേൽ ആധിപത്യം നേടാൻ ശ്രമിച്ചതിനാൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു. എന്തായാലും മത്സരത്തിലെ ഈ പരാജയം കൃത്യമായി വിലയിരുത്തേണ്ടത് തന്നെയാണ്.”- രവിശാസ്ത്രി പറയുകയുണ്ടായി.

ഇതോടൊപ്പം ടീമിൽ മാറ്റങ്ങൾ വരുത്തിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി എന്നാണ് രവി ശാസ്ത്രിയുടെ പക്ഷം. “ടീമിൽ മാറ്റങ്ങൾ വരുത്തിയത് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. കെഎൽ രാഹുലിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇത്തരം കാര്യങ്ങൾ ചിലപ്പോൾ ടീമിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം. ഇങ്ങനെയുള്ളപ്പോൾ കളിക്കാർ ടീമിൽ സ്ഥാനം ലഭിക്കാനായി കളിക്കുന്നു. അത് അവർക്ക് വ്യത്യസ്തമായ മാനസികാവസ്ഥ ഉണ്ടാക്കാനും കാരണമായി മാറുന്നുണ്ട്.”- ശാസ്ത്രീ കൂട്ടിച്ചേർക്കുന്നു.

മുൻപ് സുനിൽ ഗവാസ്കറും മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനത്തെ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യൻ ബാറ്റർമാരുടെ മനസ്സിൽ പിച്ചു നന്നായി കളിച്ചു എന്ന് ഗവാസ്കർ പറഞ്ഞിരുന്നു. എന്തായാലും മത്സരത്തിലെ പരാജയം വലിയൊരു തിരിച്ചടി തന്നെയാണ് ഇന്ത്യക്ക് നൽകിയിട്ടുള്ളത്. മാർച്ച് 9ന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

Previous articleഅന്ന് ധോണി എന്നെ വിളിച്ചു പറഞ്ഞത് ഞാൻ സ്വപ്നത്തിൽ പോലും കരുതാത്തത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്.
Next article30 പന്തില്‍ 66. പ്രഥമ വനിത ഐപിഎല്‍ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍.