സൗത്താഫ്രിക്കകെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓള്‍റൗണ്ടര്‍ ശാര്‍ദ്ദൂല്‍ താക്കൂറിനെ പ്ലെയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. ഇന്ത്യന്‍ ടീമിന്‍റെ ലക്കി സ്റ്റാര്‍ ആണെന്ന് പറഞ്ഞ ബാംഗര്‍, ഇന്ത്യന്‍ വിജയങ്ങളില്‍ താക്കൂര്‍ നിര്‍ണായക പ്രകടനങ്ങള്‍ നടത്തിയിരുന്നു എന്ന് ചൂണ്ടികാട്ടി.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്ക് പറ്റിയതിനാലും, സൗത്താഫ്രിക്കന്‍ പിച്ചുകള്‍ പേസ് ബോളിംഗിനെ തുണക്കുന്നതിനാലും താക്കൂറിനു പ്ലേയിങ്ങ് ഇലവനില്‍ ഇടം ലഭിച്ചേക്കും. ഡിസംബര്‍ 26 നാണ് 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക. മത്സരങ്ങള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായതിനാല്‍ ഇരു ടീമിനും നിര്‍ണായകമാണ്.
” കഴിഞ്ഞ സീസണില്‍ ഇന്ത്യ നേടിയ പ്രധാന വിജയങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. വിദേശത്ത് ബൗളിംഗ് അറിയാവുന്ന ബാറ്ററെയാണ് ടീമിനു വേണ്ടത്. ഇന്ത്യന്‍ ടീമിന്‍റെ ഇംഗ്ലണ്ട് ടൂറില്‍ ബാറ്റിനോടൊപ്പം ബൗളിംഗിലും ശര്‍ദ്ദുല്‍ താക്കൂര്‍ ടീമിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ടീമിനു മുതല്‍ക്കൂട്ടായ താരമാണ് അവന്‍. കാരണം ബൗളിംഗ്, ബാറ്റിംഗിലും ടീമിനു സംഭാവന ചെയ്യാന്‍ കഴിയും ”സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് അഭിപ്രായപ്പെട്ടു.
ശാര്‍ദ്ദൂല്‍ താക്കൂര്‍ കളിച്ച 4 മത്സരങ്ങളില്‍ 3 ലും ഇന്ത്യക്ക് വിജയം നേടാന്‍ കഴിഞ്ഞു. 1 മത്സരം സമനിലയില്‍ അവസാനിച്ചു. ഇത്രയും മത്സരങ്ങളില്‍ 190 റണ്‍സും 14 വിക്കറ്റുമാണ് താക്കൂറിന്‍റെ നേട്ടങ്ങള്‍.