വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പ് പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം യുഎഇയിലാണ് നടക്കുന്നത്. ഓഗസ്റ്റ് 27 മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്.
ഏഴ് തവണ ചാമ്പ്യൻമാരായ ഇന്ത്യ, 2016 ലെ ടി20 ഫോർമാറ്റിലും 2018 ലെ ഏകദിന ഫോർമാറ്റിലും നേടിയ കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. 2018 ൽ ഇന്ത്യ വിജയിക്കുമ്പോൾ രോഹിത് ശർമ്മയായിരുന്നു ക്യാപ്റ്റൻ, ഇപ്പോൾ ഫുള്‍ ടൈം ക്യാപ്റ്റന്‍സി ലഭിച്ചതിനു ശേഷം രോഹിത് ശര്‍മ്മയുടെ ആദ്യ ടൂര്‍ണമെന്‍റ് കൂടിയാണിത്.
ആഗസ്ത് 28 ന്, ചിരവൈരികളായ പാകിസ്ഥാനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2018 ൽ മൂന്ന് തവണ പാക്കിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ 2021 ലെ ലോകകപ്പില്‍ പാക്കിസ്ഥാനായിരുന്നു വിജയം. ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ്, കൂടാതെ സിംഗപ്പൂർ, കുവൈറ്റ്, യുഎഇ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ടീമും പങ്കെടുക്കും.
ഐസിസി റിവ്യൂവിൽ സ്‌പോർട്‌സ് അവതാരക സഞ്ജന ഗണേശനുമായി നടത്തിയ സംഭാഷണത്തിൽ, യുഎഇയിൽ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നിലനിർത്തും എന്ന് ഷെയിന്‍ വാട്‌സൺ പറഞ്ഞു.
“ഞാൻ ഇന്ത്യ വിജയിക്കും എന്ന് പ്രവചിക്കുകയാണ്. ഈ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന് പാകിസ്‌താനിന് ഇപ്പോൾ പൂർണ വിശ്വാസമുള്ളതിനാൽ ആ ആദ്യ കളി കാണാൻ വളരെ സ്പെഷ്യലായിരിക്കും. ശരിക്കും, ആ കളിയിൽ ജയിക്കുന്നവൻ ഏഷ്യാ കപ്പ് നേടുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യ ടൂർണമെന്റ് ജയിക്കും എന്നൊരു തോന്നൽ എനിക്കുണ്ട്. അവരുടെ ബാറ്റിംഗ് ഓർഡറിലുടനീളം പവര്‍ഫുള്ളാണ്, ” ഷെയിന്‍ വാട്ട്സണ്‍ പറഞ്ഞു.
ഇത്തവണ ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റ മുന്നോടിയായാണ് ഇത്തവണ ടൂർണമെന്റ് ടി20 ഫോർമാറ്റിൽ നടക്കുന്നത്.