കഴിഞ്ഞ വർഷം ടി20 ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം, ടീം ഇന്ത്യ നിരവധി സുപ്രധാന മാറ്റങ്ങളുമായാണ് എത്തുന്നത്. വിരാട് കോഹ്‌ലിയിൽ നിന്ന് രോഹിത് ശർമ്മ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍, ഒരുകാലത്ത് ഇന്ത്യയുടെ പരിമിത ഓവർ ടീമിലെ അവിഭാജ്യ അംഗങ്ങളായിരുന്ന ഹാർദിക് പാണ്ഡ്യയും ദിനേഷ് കാർത്തിക്കും ദേശീയ ടീമിലേക്ക് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി, മധ്യനിരയിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ സൂര്യകുമാർ യാദവും ടീമില്‍ പ്രധാധ താരമായി.
ഐസിസി പുരുഷന്മാരുടെ ടി20 പ്ലെയർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെക്കാൾ 13 പോയിന്റ് മാത്രം പിന്നിലാണ് സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സുമായി താരതമ്യപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വാട്‌സൺ അദ്ദേഹത്തെ തന്റെ മികച്ച അഞ്ച് ലോക ടി20 കളിക്കാരിൽ ഉൾപ്പെടുത്തി.
നിലവിൽ കളിക്കുന്ന മികച്ച അഞ്ച് ലോക ടി20 കളിക്കാരിൽ തന്റെ രണ്ടാമത്തെ താരമായാണ് വാട്‌സൺ സൂര്യകുമാറിനെ തിരഞ്ഞെടുത്തത്. സൂര്യകുമാറിനെ കൂടാതെ, ബാബർ അസം (പാകിസ്ഥാൻ), ഡേവിഡ് വാർണർ (ഓസ്‌ട്രേലിയ), ജോസ് ബട്‌ലർ (ഇംഗ്ലണ്ട്), ഷഹീൻ അഫ്രീദി (പാകിസ്ഥാൻ) എന്നിവരാണ് വാട്‌സൺ തന്റെ പട്ടികയിൽ ഇടം കൊടുത്ത മറ്റ് നാല് താരങ്ങൾ.
ഐസിസി റിവ്യൂവിൽ സൂര്യകുമാറിനെക്കുറിച്ച് വാട്‌സൺ പറഞ്ഞു: “അദ്ദേഹം അവിശ്വസനീയമാംവിധം നന്നായി ബാറ്റ് ചെയ്യുന്നു, അവൻ എന്റെ നമ്പർ 2 പിക്ക് ആയിരിക്കും.”
എന്തുകൊണ്ടാണ് താൻ ബാബർ അസമിനെ ഒന്നാം സ്ഥാനത്ത് തിരഞ്ഞെടുത്തതെന്ന് വാട്സൺ വെളിപ്പെടുത്തി. “ഞാൻ ആദ്യം തിരഞ്ഞെടുക്കുന്നത് ബാബർ അസമിനെ ആയിരിക്കും. അവൻ ലോകത്തിലെ ഒന്നാം നമ്പർ T20I ബാറ്റ്‌സ്‌മാനാണ്, എങ്ങനെ ആധിപത്യം സ്ഥാപിക്കണമെന്ന് അവനറിയാം. അയാൾ ഒരു റിസ്‌കും എടുക്കാത്തത് പോലെയാണ് മികച്ച ബൗളർമാർക്കെതിരെ അവിശ്വസനീയമാംവിധം വേഗത്തിൽ സ്‌കോർ ചെയ്യുന്നത്. ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിലും അദ്ദേഹം വളരെ നന്നായി കളിക്കും, കാരണം അദ്ദേഹത്തിന്റെ സാങ്കേതികത ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾക്കനുസൃതമായതാണ്.” മുന്‍ ഓസ്ട്രേലിയന്‍ താരം പറഞ്ഞു.