ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ, പരിക്കിൽ നിന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മുഹമ്മദ് ഷമിയെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. അത്തരത്തിൽ തിടുക്കം കാട്ടി തങ്ങൾ മുഹമ്മദ് ഷമിയെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിപ്പിക്കാൻ തയ്യാറാവുന്നില്ല എന്നാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്.
2023 ഏകദിന ലോകകപ്പിനിടെയായിരുന്നു മുഹമ്മദ് ഷാമിയ്ക്ക് പരിക്കേറ്റത്. ഇതിനു ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കുറച്ചധികം സമയം ഷമിയ്ക്ക് ചിലവഴിക്കേണ്ടി വന്നു. ഇതിനു പിന്നാലെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നതിനെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്നത്.
ഷമി പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ, ഒരിക്കലും ഓസ്ട്രേലിയക്കെതിരായ പാരമ്പരയിൽ കളിപ്പിക്കില്ല എന്നാണ് രോഹിത് പറയുന്നത്. ഇപ്പോഴും ഷമി പരിക്കിന്റെ പിടിയിലാണെന്നും, അവൻ പൂർണ്ണമായ ഫിറ്റ്നസിലേക്ക് തിരികെയെത്താൻ എല്ലാവരും കാത്തിരിക്കുകയാണ് എന്നും രോഹിത് ശർമ പറയുകയുണ്ടായി.
“സത്യസന്ധമായി പറഞ്ഞാൽ, ഓസ്ട്രേലിയൻ പരമ്പരയിൽ മുഹമ്മദ് ഷമി കളിക്കുമോ എന്ന കാര്യത്തിൽ പൂർണമായ തീരുമാനമെടുത്തിട്ടില്ല. ഇപ്പോൾ പരിക്കിന്റെ പിടിയിലാണ് ഷാമി. അവന്റെ കാൽമുട്ടിന് ഇപ്പോഴും വീക്കമുണ്ട്.അതാണ് അവനെ പിന്നോട്ടടിക്കുന്നത്. വീണ്ടും അവന് തുടങ്ങേണ്ടതുണ്ട്. ഇപ്പോൾ ഡോക്ടർമാരോടും ഫിസിയോകളോടുമൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഷാമിയുള്ളത്. പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാത്ത ഷമിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്തായാലും ഞങ്ങൾ അവനായുള്ള പ്രാർത്ഥനയിലാണ്.”- രോഹിത് പറയുന്നു.
“ഞങ്ങൾ ഇപ്പോഴും അവനെപ്പറ്റിയുള്ള പ്രാർത്ഥനയിലാണ്. അവനെ പൂർണ്ണമായ ഫിറ്റ്നസോടെ ടീമിലേക്ക് എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അല്ലാത്തപക്ഷം അവനെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടുത്തുന്നത് വളരെ മോശം തീരുമാനമായിരിക്കും. ഫാസ്റ്റ് ബോളർമാരെ സംബന്ധിച്ച് ഇത്തരം പരിക്കുകൾ പ്രയാസകരമാണ്. മാത്രമല്ല ഇത്രയധികം മത്സരങ്ങൾ നഷ്ടമായതിന് ശേഷം പെട്ടെന്ന് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് തിരികെ വരിക എന്നതും അത്ര അനായാസമല്ല.”- രോഹിത് കൂട്ടിച്ചേർത്തു.
“അവന് പൂർണമായ ഫിറ്റ്നസിലേക്ക് തിരികെ എത്താനുള്ള സമയം ഞങ്ങൾ ഇപ്പോൾ നൽകുകയാണ്. ഷാമിയ്ക്കായി ഒരു പ്രത്യേക റോഡ് മാപ് ഡോക്ടർമാരും പരിശീലകരും ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിന് മുൻപായി അവൻ കുറച്ചു പരിശീലന മത്സരങ്ങൾ കളിക്കും.”- രോഹിത് ശർമ പറഞ്ഞു വയ്ക്കുകയുണ്ടായി.
ഇതോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരമ്പരയിൽ മുഹമ്മദ് ഷാമി കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് രോഹിത് ശർമ പറഞ്ഞു വെച്ചിരിക്കുന്നത്. എന്നിരുന്നാലും ബുംറയുടെ നേതൃത്വത്തിൽ മികച്ച ഒരു പേസ് നിര ഇന്ത്യയ്ക്ക് നിലവിൽ ടെസ്റ്റ് മത്സരങ്ങളിലുണ്ട്.