ഓസ്ട്രേലിയക്കെതിരായ നാലാമത്തെ ടെസ്റ്റിൽ വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി ഇന്ത്യ. മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒന്നിലധികം മാറ്റങ്ങളുണ്ടാകും എന്ന റിപ്പോർട്ടാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. മൂന്നാമത്തെ ടെസ്റ്റിൽ വിശ്രമം അനുവദിക്കപ്പെട്ട മുഹമ്മദ് ഷാമി ടീമിൽ തിരിച്ചെത്തും എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ ഇന്ത്യ മുഹമ്മദ് സിറാജിന് വിശ്രമം നൽകിയാവും, ഷാമിയെ ടീമിൽ ഉൾപ്പെടുത്തുക. സിറാജ് ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ബോളറായതിനാൽ തന്നെ വിശ്രമം അനിവാര്യമാണ്. മറുവശത്ത് ആദ്യ രണ്ട് ടെസ്റ്റുകളിലും മികവാർന്ന പ്രകടനങ്ങൾ തന്നെയാണ് മുഹമ്മദ് ഷാമി ഇന്ത്യയ്ക്കായി കാഴ്ചവെച്ചത്. രണ്ടു മത്സരങ്ങളിൽ നിന്നായി ഏഴ് വിക്കറ്റുകൾ ഷാമി വീഴ്ത്തുകയുണ്ടായി.
ഇതോടൊപ്പം ടീമിലുണ്ടാവാൻ സാധ്യതയുള്ള മറ്റൊരു മാറ്റം വിക്കറ്റ് കീപ്പർ തസ്തികയിലാണ്. കെ എസ് ഭരത് ഇന്ത്യക്കായി മൂന്ന് മത്സരങ്ങളിലും കളിച്ചെങ്കിലും കീപ്പർ എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയിരുന്നില്ല. ടർണിങ് പിച്ചുകളിൽ ഭരത് പ്രതിസന്ധിയിലാകുന്നതാണ് മൂന്ന് മത്സരങ്ങളിലും കണ്ടത്. എന്നാൽ ഒരു ബാറ്റർ എന്ന നിലയിൽ ഭരത് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നിരുന്നാലും നാലാമത്തെ ടെസ്റ്റിൽ ഭരതിനുപകരം ഇന്ത്യ ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതകൾ ഏറെയാണ്. ഇന്ത്യയെ സംബന്ധിച്ച് പന്തിന്റെ പകരക്കാരനാവാൻ സാധിക്കുന്ന ബാറ്ററാണ് കിഷൻ.
എന്നിരുന്നാലും നാലാം ടെസ്റ്റിൽ കെ എൽ രാഹുൽ കളിക്കാൻ സാധ്യത വളരെ കുറവാണ്. ശുഭമാൻ ഗിൽ തന്നെ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. മറുവശത്ത് മൂന്നാം മത്സരത്തിലെ പ്രകടനങ്ങളിൽ വളരെ സന്തുഷ്ടരാണ് ഓസ്ട്രേലിയ. നാലാം ടെസ്റ്റിലും സ്മിത്ത് തന്നെ നായകനാവുമെന്ന് അവർ ഉറപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളുണ്ടാവാൻ സാധ്യത തീരെ കുറവാണ്.
നാലാമത്തെ ടെസ്റ്റിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പര സമനിലയിൽ എത്തിക്കാൻ തന്നെയാവും ഓസ്ട്രേലിയ അഹമ്മദാബാദിൽ ഇറങ്ങുന്നത്. മറുവശത്ത് ഒരു നേരിയ വിജയമെങ്കിലും സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിക്കുക എന്നതാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.