ഇന്ത്യക്കായി 2023 ഏകദിന ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബോളറാണ് മുഹമ്മദ് ഷാമി. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനക്കാരനായാണ് മുഹമ്മദ് ഷാമി ഫിനിഷ് ചെയ്തത്. ഇന്ത്യക്കായി ആദ്യ മത്സരങ്ങളിൽ നിന്ന് മുഹമ്മദ് ഷാമി താഴയപ്പെട്ടിരുന്നു. പിന്നീട് തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മുതലാക്കാൻ ഷാമിക്ക് സാധിച്ചു.
പിന്നീടാണ് വിക്കറ്റ് വേട്ടയിൽ ഷാമി അത്ഭുതം കാട്ടിയത്. എന്നാൽ ലോകകപ്പിലെ ഈ അവിസ്മരണീയ പ്രകടനവും ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷാമിക്ക് രക്ഷയായി എത്തില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുഹമ്മദ് ഷാമിയെ ഇനി ഇന്ത്യ ഏകദിന ട്വന്റി20 ടീമുകളിലേക്ക് പരിഗണിക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഷാമിയെ പൂർണമായും ഒരു ടെസ്റ്റ് സ്പെഷലിസ്റ്റ് ബോളറായി പരിഗണിക്കാനാണ് ബിസിസിഐ ഇപ്പോൾ ആലോചിക്കുന്നത്. അതിനാൽ തന്നെ ഏകദിന ട്വന്റി20 മത്സരങ്ങളിൽ നിന്ന് ഷാമി മാറിനിൽക്കും എന്നാണ് അറിയുന്നത്. 2024ൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇത്തരം ഒരു തീരുമാനമെടുത്തത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഷാമിക്ക് ഇനി 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുകയുള്ളൂ. പ്രമുഖ വാർത്ത ഏജൻസിയായ പിടിഐയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നിരുന്നാലും ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി അണിനിരന്ന പല പ്രമുഖ താരങ്ങളും 2024 ട്വന്റി20 ലോകകപ്പിലും ടീമിലുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ സാഹചര്യത്തിലും ഷാമിയെ ഇന്ത്യ ടീമിലേക്ക് ക്ഷണിക്കാനുള്ള സാധ്യതകൾ വളരെ കുറവ് മാത്രമാണ്. മുൻപും പല സമയത്ത് ഇന്ത്യ ഷാമിയെ ട്വന്റി20 മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തിയിരുന്നു.
2021 ട്വന്റി20 ലോകകപ്പിന് ശേഷം ഒരു വർഷത്തോളം മുഹമ്മദ് ഷാമിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് ഇന്ത്യയുടെ സ്ട്രൈക്ക് ബോളറായ ബൂമ്രയ്ക്ക് പരിക്കേറ്റ ശേഷമാണ് ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലേക്ക് മുഹമ്മദ് ഷാമിക്ക് ക്ഷണം വന്നത്. ഇനി 2024 ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷാമിക്ക് കളിക്കണമെങ്കിൽ ഐപിഎല്ലിൽ ഒരു അവിസ്മരണീയ പ്രകടനം തന്നെ കാഴ്ചവയ്ക്കേണ്ടി വരും.
2023 ഏകദിന ലോകകപ്പിൽ ഹർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാൽ മാത്രമായിരുന്നു മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിൽ എത്തിയത്. ശേഷം 7 മത്സരങ്ങൾ ഷാമി ഇന്ത്യക്കായി കളിച്ചു. ഇതിൽനിന്ന് 24 വിക്കറ്റുകളാണ് ഈ സൂപ്പർ ബോളർ നേടിയത്. 3 തവണ ഷാമി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുകയുണ്ടായി. ഒരു തവണ 4 വിക്കറ്റുകളും ഷാമി നേടി. എന്നാൽ ഇത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഷാമിയെ പരിഗണിക്കുന്നില്ല എന്നത് അങ്ങേയറ്റം നിരാശാജനകമായ വാർത്ത തന്നെയാണ്.