2023 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം കൊൽക്കത്ത നൈറ്റ് റൈഡഴ്സിന് വീണ്ടും തിരിച്ചടി. കൊൽക്കത്തയുടെ സ്റ്റാർ ഓൾറൗണ്ടറായ ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസൻ ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിനാലും, വ്യക്തിപരമായ പ്രശ്നങ്ങൾ മൂലവുമാണ് ഷക്കീബ് ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് മാറിനിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽതന്നെ ഷക്കീബ് അൽ ഹസന് പകരക്കാരനായി ഒരു ഓൾറൗണ്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ഇഎസ്പിഎൻ ക്രിക്കിൻഫോയുടെ റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനൊപ്പമുള്ള തിരക്കും, മറ്റ് വ്യക്തിപരമായ കാരണങ്ങളും മൂലമാണ് 2023 ഐപിഎല്ലിൽ നിന്ന് ഷക്കീബ് മാറിനിൽക്കുന്നത്. കൊൽക്കത്തയുടെ പഞ്ചാബിനെതിരായ ആദ്യ മത്സരത്തിൽ ഷക്കീബ് കളിച്ചിരുന്നില്ല. എന്നിരുന്നാലും അയർലണ്ടിനെതിരായ പരമ്പരക്ക് ശേഷം ഷക്കീബ് ഇന്ത്യയിലെത്തും എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. മാർച്ച് 31നാണ് ബംഗ്ലാദേശിലെ അയർലണ്ടിനെതിരായ ട്വന്റി20 പരമ്പര അവസാനിച്ചത്. നിലവിൽ അയർലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരം കൂടി മാത്രമാണ് ബംഗ്ലാദേശിന് അവശേഷിക്കുന്നത്.
ഈ സാഹചര്യത്തിൽ ഏപ്രിൽ 9 മുതൽ മെയ് ഒന്നുവരെ ഷാക്കിബ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ് ടീമിനൊപ്പമുണ്ടാകും എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനു മാറ്റം വരുത്തുകയാണ് ഷക്കീബ്. നിലവിൽ തങ്ങളുടെ സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഇല്ലാതെയാണ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ് ഈ ഐപിഎല്ലിൽ കളിക്കുന്നത്. ഈ സാഹചര്യത്തിൽ നിതീഷ് റാണയാണ് കൊൽക്കത്തയെ നയിക്കുന്നത്. ഡേവിഡ് വീസ, ലോക്കി ഫെർഗുസൻ, റഹ്മാനുള്ള ഗുർബാസ്, ആൻഡ്രെ റസൽ, സുനിൽ നരെയൻ, ടീം സൗതി എന്നീ വിദേശ താരങ്ങളാണ് നിലവിൽ കൊൽക്കത്തയുടെ ടീമിലുള്ളത്.
തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരം കേവലം 7 റൺസിനായിരുന്നു കൊൽക്കത്ത പരാജയമറിഞ്ഞത്. ഏപ്രിൽ ആറിന് ബാംഗ്ലൂരിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം നടക്കുന്നത്. എന്തായാലും ഉടനെ തന്നെ ഷക്കീബിന് പകരക്കാരനെ കണ്ടെത്തേണ്ടത് കൊൽക്കത്തെയെ സംബന്ധിച്ച് അത്യാവശ്യമാണ്. ഇപ്പോൾതന്നെ ഒരുപാടു മേഖലകളിൽ കൊൽക്കത്തക്ക് വിടവുകൾ നിലനിൽക്കുന്നുണ്ട്.